ടാഗോറിന്റെ “പെൺകഥകൾ”,
യഥാസ്ഥിതിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സമൂഹത്തിനെതിരെ വ്യത്യസ്ത നിലപാടുകളിൽ നിന്നു കൊണ്ട് പട പൊരുതുന്ന പന്ത്രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് ഈ കഥകളിൽ ഉള്ളത്. അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങു വാഴുന്ന ഭാരതീയ സമൂഹത്തിൽ പാതിവ്രത്യ സങ്കല്പം സ്ത്രീകൾക്ക് തടവറയാകുന്നത് എങ്ങനെയാണ് എന്ന് ടാഗോർ ഈ കഥാപാത്രങ്ങളിലൂടെ വിശദീകരിക്കുന്നു. ഈ പെണ്ണുങ്ങൾക്ക് പ്രണയമുണ്ട്, കാമമുണ്ട്, ഒടുങ്ങാത്ത മനോബലമുണ്ട്, മോഹങ്ങൾ ഉണ്ട് അതുപോലെ മോഹഭംഗങ്ങളുണ്ട്. അടിച്ചമർത്തിലിനെതീരെ സമരത്തിൽ ഏർപ്പെടുന്ന സ്ത്രീത്വത്തെ ഓരോ കഥാപാത്രങ്ങളും പ്രതിനിധീകരിക്കുന്നു.
വിധവയായ യുവതി തന്റെ ജ്യേഷ്ഠന്റെ സ്നേഹിതനെ സ്നേഹിച്ച് അയാളിൽ നിന്ന് ചതി നേരിടുമ്പോൾ അയാളെ കൊന്ന് സ്വയം മരണം വരിക്കാൻ തയ്യാറാകുന്നതും, താൻ പ്രേതമല്ല എന്ന് തെളിയിക്കാനായി വീണ്ടും മരിക്കേണ്ടി വരുന്ന കാദംബിനിയും, ഊമയായ സുഭാഷിണിയുടെ ദുരന്തവും ഒന്ന് ഒന്നിൽ നിന്ന് വിഭിന്നമല്ല.
ഭർത്താവിന്റെ ജേഷ്ഠന്റെ വധശിക്ഷ സ്വയം ഏറ്റെടുക്കേണ്ടി വരുന്ന ചന്ദാരായും. അതു പോലെ എഴുന്നത് മഹാപാപമായി ഗണിക്കപ്പെടുമ്പോൾ തകർന്നു വീഴുന്ന ഉമയും, ഭർത്താവിന്റെ അപഥസഞ്ചാരമൂലം വേദനിക്കുകയും അയാളുടെ ശ്രദ്ധപിടിച്ചു പറ്റാൻ സ്വയം നാടകനടിയാകുന്ന ഗിരിബാലയും വളരെയധികം നിഷ്കർഷത പാലിച്ച് പോരുന്ന ജയകാളിയുടെ അനുകമ്പ കാരണം രക്ഷപ്പെടുന്ന പന്നികുട്ടിയും, വായനക്കാരനെ തികച്ചും അതിശയപെടുത്തുന്നു .
സ്നേഹത്തിന്റെ പരിഭാഷ മാറിപോകുന്ന വണ്ണം വാസനയിൽ അകപ്പെടുന്ന ദക്ഷിണാചരൺ ബാബുവും, തന്റെ വിധിവൈരുധ്യം മൂലം ജയിലിൽ എത്തിപ്പെടുന്ന ഹേമശശിയും അവളെ തിരിച്ചറിഞ്ഞ വിനോദ് ചന്ദ്രനെന്ന പഴയ കാമുകനും, നീലമണി എന്ന സ്വന്തം അനുജനെ രക്ഷിക്കാനായി സ്വയം ബലിയാടാവുന്ന താരയും, പരേഷിന്റെ സംശയരോഗത്തിനു ശമനം തേടുവാനായി സ്വാമിജിയെ അഭയം പ്രാപിക്കുന്ന ഗൗരിയും, അമ്മയുടെയും അമ്മാവന്റെയും കളിപ്പാവയായി മാറിയ വരന് മാണിക്യം പോലെയുള്ള വധു കല്യാണിയെ നഷ്ടപ്പെടുന്നതും എല്ലാം വളരെ ഉദ്വേഗത്തോടെ മാത്രമേ വായിക്കുവാനാക്കുകയുള്ളു.
സമൂഹത്തിലെ പല തട്ടുകളിൽ നിലകൊള്ളുന്ന വൈവിദ്ധ്യമാർന്ന 12 സ്ത്രീകളെയാണ് ടാഗോർ ഈ കഥകളിൽ വരച്ചിടുന്നത്. സ്ത്രീ മനസ്സിലെ പ്രതികാരത്തിന്റെയും നൈതികതയുടെയും കീഴടങ്ങലിന്റെയും ചെറുത്ത് നിൽപ്പിന്റെയും മോഹഭംഗങ്ങളുടെയും പ്രതീക്ഷികളുടെയും ആശയകുഴപ്പത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥകളാണ് ഇവ.
പഴയകാലഘട്ടത്തിലെ ബംഗാളി ജീവിതവും, സമൂഹവും, സ്ത്രീജീവിതങ്ങളും അവരോടുള്ള സമൂഹത്തിന്റെ മനോഭാവവും ടാഗോർ വരച്ച് കാട്ടുവാൻ ശ്രമിച്ചിട്ടുണ്ട്. പന്ത്രണ്ട് ജീവിതങ്ങൾ പന്ത്രണ്ട് അനുഭവങ്ങൾ തന്നെയാണ്. ഓരോന്നും ഓരോ തരത്തിലുള്ള അതിജീവനമാണ്.. പ്രതിഷേധമാണ്..
നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ്.
പുസ്തകം :- പെൺകഥകൾ
വിഭാഗം :-ചെറുകഥകൾ
പ്രസാധകർ :- GreenBooks Calicut
രചയിതാവ് :- രബീന്ദ്രനാഥ ടാഗോർ
വിവർത്തനം :- പ്രഭാ. ആർ. ചാറ്റർജി
വില :-175