സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അഗ്രഹാരത്തിൽ കഴുതൈ – സമാന്തര സിനിമകളുടെ നാഴികക്കല്ല്

ദിവ്യ എസ് മേനോൻ

1977 ൽ പുറത്തിറങ്ങിയൊരു തമിഴ് ചിത്രമാണ് അഗ്രഹാരത്തിൽ കഴുതൈ. ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ജോൺ എബ്രഹാമിന്റെ മാസ്റ്റർപീസ് എന്ന് പറയാവുന്ന സിനിമയാണ് ഇത്. ഇന്ത്യൻ സിനിമയിലെ മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായി ഈ സിനിമ ചരിത്രത്തിൽ ഇടം പിടിക്കുന്നു. ആ കാലഘട്ടത്തിൽ ബ്രാഹ്മണ സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുന്ന ഈ ചിത്രം ഒരുപാട് എതിർപ്പുകൾക്കിടയിലും സമാന്തര സിനിമകളുടെ നാഴികക്കല്ലായി മാറി.

നാരായണസ്വാമി എന്ന കോളേജ് അദ്ധ്യാപകന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നൊരു കഴുതക്കുട്ടിയിലൂടെയാണ് ഈ സിനിമ ആരംഭിക്കുന്നത്. നാരായണസ്വാമിയായി വേഷമിട്ടിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ എം ബി ശ്രീനിവാസനാണ്. മദ്രാസിലെ തന്റെ വീട്ടുമുറ്റത്തെത്തുന്ന അമ്മ നഷ്ടപ്പെട്ട കഴുതക്കുട്ടിയെ ഉപേക്ഷിക്കാൻ നാരായണസ്വാമിക്കാവുന്നില്ല. അദ്ദേഹം അതിന് സ്വന്തം വീടിനകത്തു തന്നെ ഇടം നൽകുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ അംഗീകരിക്കാൻ സമൂഹത്തിനു കഴിയുന്നില്ല. അദ്ദേഹം ജോലി ചെയ്തിരുന്ന കോളേജിൽ നിന്നും എന്തിനധികം വീട്ടുജോലിക്കാരിയിൽ നിന്ന് പോലും അദ്ദേഹത്തിന് എതിർപ്പ് നേരിടേണ്ടി വരുന്നു. ആളുകൾ പശുവിനെയും പട്ടിയെയും വളർത്തുന്നത് മനസ്സിലാക്കാം. പക്ഷെ കഴുതയെ എങ്ങനെ വളർത്തും? അത്രയും നികൃഷ്ടമായൊരു ജീവിയായി കരുതപ്പെട്ടിരുന്നു കഴുത.

പക്ഷെ ദയാലുവും വിശാലഹൃദയനുമായ നാരായണസ്വാമി കഴുതയെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. കഴുതക്കുട്ടിയെയും കൊണ്ട് അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നു. ഗ്രാമത്തിലെ ഊമപ്പെൺകുട്ടിയായ ഉമയെ കഴുതയെ പരിപാലിക്കാൻ ഏൽപ്പിക്കുന്നു. നാരായണസ്വാമിയുടെ വീട്ടുമുറ്റത്തെ കഴുത അഗ്രഹാരത്തിൽ അസ്വാരസ്യങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കുന്നു. കഴുതയെ ഒരു ദുഃശകുനമായും ഉന്നതകുലജാതർക്ക് തൊട്ടു കൂടാൻ പാടില്ലാത്ത മൃഗമായും കണക്കായിരുന്നു അഗ്രഹാരത്തിലെ അന്തേവാസികൾ. അവർക്കിടയിൽ തന്നെ നിലനിന്നിരുന്ന അസൂയയും സ്പർദ്ധയും സംവിധായകൻ എടുത്തു കാണിക്കുന്നുണ്ട്.

മിണ്ടാപ്രാണിയായ കഴുതക്കുട്ടിയെ പോലെത്തന്നെ ചൂഷണം ചെയ്യപ്പെടുന്ന ഉമയേയും ശബ്ദമില്ലാത്ത, പ്രതികരണശേഷിയില്ലാത്ത, പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതീകമായി അവതരിപ്പിച്ചിരിക്കുന്നു. ജോൺ എബ്രഹാം എന്ന അസാമാന്യനായ സംവിധായകന്റെ അവതരണ മികവ് ഇവിടെ വ്യക്തമാണ്. വളരെ ഗഹനമായ ഒരു ആശയത്തെ സാധാരണക്കാരന് പോലും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ലളിതമായി ദൃശ്യവത്കരിച്ചിരിക്കയാണ് ഇവിടെ.

ഉമയുടെ ചാപിള്ളയായ കുഞ്ഞിനെ ക്ഷേത്രമുറ്റത്തു നിന്ന് കണ്ടെടുക്കുന്നതോടെ കഴുതക്കുട്ടി ഗ്രാമത്തിന്റെ ശാപവും ദുഃശകുനവുമാണെന്ന് വിശ്വസിക്കുന്ന ഗ്രാമവാസികൾ അതിനെ തല്ലിക്കൊല്ലുന്നു. സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലുമെന്ന പോലെ ഇവിടെയും മഹാകവി സുബ്രഹ്മണ്യഭാരതിയുടെ വരികളിലൂടെ സംവിധായകൻ അന്ധമായ വിശ്വാസങ്ങൾക്കെതിരെ ആഞ്ഞടിക്കുന്നു. കഴുതയെ അടിച്ചു കൊല്ലുന്ന രംഗത്തിൽ “ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും ഈശ്വരൻ കുടികൊള്ളുന്നു” എന്ന ഭാരതിയാർ കവിതാശകലം ചൊല്ലിക്കേൾക്കുമ്പോൾ അത് പ്രേക്ഷകന്റെ ചിന്തയിൽ ഒരു തരി കനലായെങ്കിലും അവശേഷിക്കും.

കഴുതക്കുട്ടിയെ കൊന്നതിൽ പശ്ചാത്താപം തോന്നുന്ന ഗ്രാമവാസികളുടെ അബോധമനസ്സിൽ കഴുത വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നു. അതോടുകൂടി കഴുതയ്ക്ക് ദിവ്യപരിവേഷം ലഭിക്കുകയും പിന്നീട് ഗ്രാമത്തിൽ സംഭവിക്കുന്ന എല്ലാ നല്ല കാര്യങ്ങൾക്കും കാരണം ആ കഴുതയാണെന്നു ഗ്രാമീണർ വിശ്വസിക്കുകയും ചെയ്യുന്നു. കാണികൾക്ക് ബോധ്യപ്പെടുന്ന, വ്യക്തതയാർന്നൊരു ക്ലൈമാക്സ്‌ എന്ന് അവകാശപ്പെടാനില്ലെങ്കിലും കഥാന്ത്യത്തിൽ ആ ഗ്രാമം മുഴുവൻ അഗ്നിക്കിരയാവുന്നതോടെ കഴുതക്കുട്ടിയ്ക്ക് നീതി ലഭിച്ചുവെന്ന് പ്രേക്ഷകന് വായിച്ചെടുക്കാം. ഭാരതിയാറുടെ വരികളിലൂടെ പ്രേക്ഷകരുടെ മനസ്സിലും മാറ്റത്തിന്റെ അഗ്നി ആളിക്കത്തിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.

ഒരുപാട് വിമർശനങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്ന ഈ സിനിമ ആ വർഷത്തെ ഏറ്റവും മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2013 ൽ IBN Live തിരഞ്ഞെടുത്ത നൂറ് ഇന്ത്യൻ ക്ലാസ്സിക്‌ സിനിമകളുടെ പട്ടികയിലും ഈ സിനിമ ഇടം നേടി. തെന്നിന്ത്യൻ സിനിമ ചരിത്രത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറിയ ഈ ചിത്രം ഇന്നും പ്രസക്തമാണ്. മനുഷ്യമനസ്സുകളിൽ അന്ധവിശ്വാസങ്ങളുടെ ഒരു തരിയെങ്കിലും അവശേഷിക്കുന്ന കാലം വരെ ഈ സിനിമയുടെ പ്രസക്തി ഒട്ടും നഷ്ടമാകുന്നില്ല.

വെറുമൊരു ദൃശ്യവിരുന്ന് എന്നതിനപ്പുറം പ്രേക്ഷകന്റെ ചിന്താധാരയെ തന്നെ മാറ്റിയെഴുതാൻ കഴിവുള്ള, മാറ്റത്തിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന, അമൂല്യങ്ങളായ സിനിമകൾ സംഭാവന ചെയ്ത അനശ്വര പ്രതിഭയ്ക്ക് പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…