സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

നഗര കവിത പറയുന്നത്

സി. ലതീഷ്‌കുമാര്‍

കാലത്തിന് അതീതമായി സംസാരിക്കുന്ന ഭാഷയാണ് കവിതയുടെ ഭാഷ. എണ്ണിപ്പെറുക്കിയെടുക്കാവുന്ന വിധത്തില്‍ എളുപ്പമുള്ള വസ്തുവല്ല. വളരെ നാള്‍ കാണാതെ കാണുന്ന ഇഷ്ടപ്പെട്ട ഒരാളോട് എത്ര സംസാരിച്ചാലും മതിയാവാത്ത വിധത്തില്‍ ആയിത്തീരുന്ന മനുഷ്യാവസ്ഥയോടാണതിന് ബന്ധം. സുഗന്ധമോ, രുചിയോ, സ്പര്‍ശമോ, സ്‌നേഹമോ ഒക്കെയായി രൂപാന്തരപ്പെടുന്ന ഒരു ആശയലോകത്തെ നമ്മളറിയാതെ പതുക്കെ വരച്ചിടുന്ന പ്രവൃത്തിയാണത്. വളരെ കഴിഞ്ഞ് ഇതെന്റെ പുറത്താണെന്ന് അത്ഭുതപ്പെടുന്ന ഒരാളാണ് നമ്മള്‍.

ഹൃഷികേശന്റെ ‘അഫലിത’ത്തില്‍ തുടങ്ങി ‘അന്ത്യ കുദാശ കൂന്താനച്ചന്റെ ഓര്‍മ്മയില്‍’ അവസാനിക്കുന്ന നഗര കവിതാസമാഹാരം പുതുമയുള്ളതായിതീരുന്നത് ബിംബ കല്‍പ്പനയിലാണ്. കെ.എ. ജയശീലന്റെ ‘ചില്ലറകളഞ്ഞുപോയ ബസ്സ്’ കറകളഞ്ഞ അനുഭവത്തിന്റെ ദൃശ്യമാണ്. ‘ആരുടേയോ കുടകുത്തി മുതുകത്ത് വിടര്‍ന്നൊരശ്ശീലപുഷ്പം വമിക്കുന്ന ഗന്ധംപോലെ നനഞ്ഞ ദിവസത്തിലെ ബസ്സകത്തെ കുമ്മല്‍ കിട്ടി’ എന്നു പറയുന്നിടത്ത് കാലുകളുടെ മണം. അപ്പോള്‍ നമ്മളും ലാഭ ചിന്തയെ കുറിച്ച് ഓര്‍ത്തുപോകുന്നു. കവി ചോദിക്കുന്നു: എന്തോ ലാഭം? ഒടുവില്‍, ‘മണ്ണിരക്ക് ഭൂമി തിന്ന് തീര്‍ക്കാന്‍, എനിക്കനുഭവലോകമാകെ ആഹരിച്ച് തീര്‍ക്കാന്‍ മോഹം,’ ഇത് നേരിട്ടുള്ള ഒരു സംവേദനമാണ്. ഒഴിഞ്ഞുമാറാനാകാത്ത വിധത്തില്‍ മനുഷ്യനെ ബാധിക്കുന്ന ഒരു രോഗം, ഭൂമിയില്‍ എല്ലാവരേയും പിടികൂടുന്ന വിഷാദം, സ്വപ്നം, ദുരന്തം, മരണം.

‘ചെറ്റയിലെ പ്രണയ’ത്തില്‍ വിജയന്‍ കല്ലുകൊണ്ട് കവിതതീര്‍ക്കുന്ന ശില്പിയോട് പറയുന്നു: ‘നിനക്കു ഞാന്‍ കല്‍ബ് പറിച്ചെറിഞ്ഞുതരാം’. നൊസ്റ്റാള്‍ജിയയുടെ ഒരു പുതിയ ഭാഷ. അതോടൊപ്പം വായനക്കാരനെ ഭീതനാക്കുന്ന അനുഭവബോധവും.

2002 ജൂണ്‍ 6, അഹമ്മദാബാദില്‍ നിന്നും സച്ചിദാനന്ദന്‍ എഴുതുന്നു.’ലജ്ജ’.’ഞാന്‍ കൊലയാളി, കൊള്ളി വെപ്പുകാരന്‍ ഞാന്‍ ബലാല്‍സംഗി, ഞാന്‍ പള്ളിയും കല്ലറയും തകര്‍ക്കുന്നവന്‍, ഞാന്‍ നരഭോജി.’ ഓരോ ഇന്ത്യക്കാരനെയും അവന്റെ ഹിംസാത്മകതയേയും തുറന്നു കാണിക്കുന്ന കവി ലജ്ജകൊണ്ട് ചൂളുന്നു.

ഓരോരുത്തരും ലജ്ജിതരായി തീരുന്ന യാഥാര്‍ഥ്യത്തിലേക്കാണ് കവി കണ്ണുതുറക്കുന്നത്. സച്ചിദാനന്ദന്റെ കവിത പഴയപോലെ ‘ലജ്ജയില്‍’ ചോരപ്പാടുകള്‍ കാണിക്കുന്നു.

രാമകൃഷ്ണന്റെ ‘ദേശീയമൃഗം’ ദയനീയമായ മനുഷ്യാവസ്ഥയുടെ മുഖമാണ്. അയാളുടെ കാരുണ്യം പാമ്പുകടിയേറ്റ ശരീരഭാഗംപോലെ ചീര്‍ത്തുവരുന്നു.

‘സംഖ്യ’ത്തെക്കുറിച്ച് നാരായണന്‍ കുട്ടി പറയുന്നു: വെറുമൊരു പ്രതിമയായ സ്വാതന്ത്ര്യത്തിന് പിന്നില്‍ അതിന്റെ ചോരതേടുന്ന ചേരിചേരാ മന്ത്രങ്ങളും നമ്മളും! 

ഭീതിജനകമാണ് നാരായണന്‍കുട്ടിയുടെ കാഴ്ചകള്‍. 

മറാഠിയില്‍ നിന്ന് നീരജയെഴുതുന്നു:’കൊട്ടിയടക്കണം’ കടന്നാക്രമിക്കുന്ന പുരുഷൻ്റെ    മുന്‍പില്‍ വാതിലുകള്‍ കൊട്ടിയടക്കാനാഗ്രഹിക്കുന്നു നീരജ. ഗര്‍ഭപാത്രത്തിന്റെ വാതിലുകള്‍.

വേറെ വഴികളൊന്നും കാണാത്തവളാണ് കവിതയിലെ സ്ത്രീ. പുരുഷമേധാവിത്വപരമായ ഇന്ത്യന്‍ സമൂഹത്തിൻ്റെ   തലച്ചോറിലേക്ക് ഒരു വഴിവെട്ടി തെളിക്കുന്ന 

വാക്കുകള്‍. ‘എൻ്റെ   ശരീരത്തിലേക്കുള്ള സ്വപ്നപാതകളെല്ലാം കൊട്ടിയടക്കേണ്ട സമയമായിരിക്കുന്നു’. 

ഇങ്ങനെ, കവിത നിര്‍വ്വികാരമായ ഒന്നല്ല. ഒരു  സ്‌ഫോടനത്തോളം ശക്തിയുള്ള ഒന്നായി അനുഭവപ്പെടുന്നു ഈ സമാഹാരത്തില്‍.  ഇംഗ്ലീഷില്‍ നിന്ന് മൊഴിമാറ്റം ചെയ്ത നാല് കവിതകള്‍ ഉള്‍പ്പെടെ അന്‍പത്തിയഞ്ച് കവിതകള്‍ ഇതില്‍ ചേര്‍ത്തിരിക്കുന്നു. മറാഠി ജീവിതത്തിൻ്റെ  അന്തര്‍ഗതങ്ങള്‍ സൂക്ഷ്മമായി പകര്‍ത്തുന്ന ഇരുപത് കവിതകള്‍ ഈ സമാഹാരത്തിന്റെ പ്രത്യേകതയാണ്. മലയാള കവിതയുടെ പുതിയ പ്രവണതകള്‍ തിരിച്ചറിയുന്നതോടൊപ്പം മാനവികതയുടെ നവബോധവുമായി പൊരുതാനാഗ്രഹിക്കുന്ന യുവ മനസ്സുകളെ ഈ കവിതകളില്‍ വായിക്കാവുന്നതാണ്.  പ്രസാധനം: കവിതാസമിതി , മുംബൈ വില : 90 രൂപ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…