സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ലഹരിയും ആനന്ദവും

സി.ലതീഷ് കുമാര്‍

ഇന്ന് കേരളം ഏറെചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ലഹരി. വളരെ വൈകി മലയാളിയെ അസ്വാസ്ഥ്യപ്പെടുത്തുന്ന പലതുമെന്ന പോലെ ലഹരിയും കടന്നുവരുന്നു.
ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്ന ലഹരി വ്യാപനത്തിന്റെ ഭീകരതയെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നതായി ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞതോര്‍മ്മിക്കുന്നു. അതെല്ലാം തന്നെ പ്രഭാഷണങ്ങളിലും പ്രസംഗങ്ങളിലും വാര്‍ത്തയായതല്ലാതെ കര്‍ക്കശമായ നിയന്ത്രണങ്ങളോ, നീതിയോ നടപ്പിലാക്കാന്‍ നമ്മുടെ നിയമസംവിധാനങ്ങള്‍ പോരായിരുന്നു . ഭരണപക്ഷമോ പ്രതിപക്ഷമോ അതേറ്റടുത്തില്ലന്നുള്ളതാണ് സത്യം.
ഇന്നത് അതിരുകളില്ലാത്ത വ്യാപനത്തിന്റെ പുതിയ മേഖലകളിലേക്ക് കടന്നു വരുകയും ഏറെക്കുറെ ബോധവത്ക്കരണം പോലും ലഹരിയുടെ പരസ്യങ്ങളായി മാറുകയും ചെയ്തിരിക്കുന്നു. മാര്‍ക്കറ്റില്‍ വലിയ സാധ്യതകളുള്ള ഒരു വസ്തു എന്ന നിലയില്‍ ലഹരിയെ സാമാന്യ വല്‍ക്കരിക്കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു .
ലഹരി, ഫാസിസം പോലെ തീവ്രമായ ആവശ്യങ്ങളുടേയോ അനുഭൂതിയുടേയോ സ്ഥാപിതതാല്‍പ്പര്യമാണ് ലോകത്ത്‌ ഉണ്ടാക്കുന്നത്. ഫാസിസം ഒരാളുടെ ഉന്മാദാവസ്ഥയാണ്. വംശവിദ്വേഷംകൊണ്ടു കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തിയ ഹിറ്റ്‌ലര്‍ തോല്‍ക്കാതിരിക്കാനാണ് ഹത്യയില്‍ നിന്ന് ഹത്യയിലേക്ക് പോയിക്കൊണ്ടിരുന്നത്. അതുപോലെ, മോഹഭംഗമോ, നിരാശയോ, നിന്ദ്യതയോ, വേദനയോ, ഒക്കെ ഒരാളെ ചിലപ്പോള്‍ അനിയന്ത്രിതമായ ജീവിതത്തെ തിരഞ്ഞെടുക്കുന്നതില്‍ പ്രാപ്തമാക്കുന്നുണ്ടു. അതില്ലാതാക്കാനുള്ള ചികിത്സയാണ് നമുക്കാവശ്യം. ഒരു emotional intelligence ന്റെ അഭാവം വലിയ തോതില്‍ നമ്മെ അലട്ടുന്നു. ഇവിടെ
നമ്മുടെ ചെറുപ്പം കാണിക്കുന്ന വൈകാരിക നിലപാടുകള്‍ വലിയ തെറ്റായി കണ്ടു കൂടാ.
പലപ്പോഴും അവരുടെ വ്യക്തിസത്തയുടെ ഉടമാവകാശം സ്ഥാപിച്ചെടുക്കുവാന്‍ വേണ്ടിയുള്ളവയാണ്. അവരുടെ ശരിയായ പരിപാലനം സമൂഹ്യ സാഹചര്യങ്ങള്‍ കൊണ്ട്‌ അസാധ്യമായിരിക്കുന്നു.
അതുകൊണ്ടവർ പലതിനെയും ആശ്രയിക്കുന്നു.

അവര്‍ക്ക് ലഹരി ആവശ്യമായി
തീരുകയാണ്. അവര്‍ ലഹരിയില്‍ ആയിതീരുകയോ ആക്കപ്പെടുകയോ ആണ്.
ലഹരി എല്ലാത്തിലുമുണ്ട്. കൊല്ലുന്നതിലും മരിക്കുന്നതിലും വരെ. ബോധത്തിന്റേയോ, അബോധത്തിന്റേയോ ഏറ്റക്കുറച്ചിലാണ് അവിടെ ലഹരി. അതൊരാളെ അടിമുടി സ്വാധീനിച്ചുകൊണ്ടേയിരിക്കും.

അതേസമയം ആനന്ദം ഒരാളില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ്‌.
അത് എപ്പോഴും
അനുഭൂതിയാണ്. മനുഷ്യനെ ആഴത്തില്‍ പ്രചോദിപ്പിക്കുന്ന
ഉത്തേജകo.
അതൊരിക്കല്‍ അനുഭവിച്ചു കഴിഞ്ഞാല്‍ അമൂല്യമായ ഒരാസ്വാദനമായി രൂപപ്പെടുകയും ഉന്മാദത്തോളംതന്നെ അനിയന്ത്രിതമായി അവ വളരുകയും ചെയ്യുന്നു. ഒരാള്‍ അനുഭവിക്കുന്ന ഏത് തരത്തിലുള്ള ആനന്ദത്തിലും ലഹരിയുണ്ടാവുന്നത് അങ്ങനെയാണ്.
അതൊരു ഹോര്‍മോണ്‍ ലഭ്യതയുടെ സൃഷ്ടിയാകുന്നുവെന്ന് പറയാം.

ചുരുക്കത്തില്‍,
ഇതിനെല്ലാം ഒരു മറുപുറമുണ്ട്.
അത് നമ്മുടെ ആഘോഷത്തിന്റെ ഭാഗമായി തീരുന്നവയാണ്. നിങ്ങളങ്ങ് ആഘോഷിക്കുക എന്നു പറയുമ്പോള്‍, നിങ്ങളങ്ങ് അരാജകരായി തീരുക എന്നുകൂടിയാണ്. നവമാധ്യമങ്ങളില്‍ ഈയ്യിടെ വൈറലായ മൈത്രേയന്റെ വാക്കുകള്‍ ഓര്‍ത്തു നോക്കു : ‘ലഹരി നിരോധിക്കുകയല്ല വേണ്ടത്, അവ പരിമിതമായി ഉപയോഗിക്കുവാന്‍ ആളുകളെ ശീലിപ്പിക്കുകയാണ് വേണ്ടത്.’ കേള്‍ക്കുമ്പോള്‍ എത്രമാത്രം ലിബറല്‍. ആളുകള്‍ ചില വിഷയത്തെ സമീപിക്കുമ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നമ്മുടെ സാമൂഹ്യ വ്യവസ്ഥയ്ക്ക് മുകളില്‍ എന്തുമാത്രം പ്രയാസങ്ങളുണ്ടാക്കുന്നവയാണ്. പറഞ്ഞുവരുമ്പോള്‍ കാര്യങ്ങളെ ലഘൂകരിക്കുകയാണ് നമ്മുടെ ആളുകള്‍ ചെയ്തുവരുന്നത്.

ഹിറ്റ്‌ലര്‍ കൊല്ലുന്നതില്‍ കണ്ടെത്തിയ ലഹരി എന്താണോ, അതുപോലെ ആനന്ദം കൊണ്ടു നമ്മുടെ സാംസ്‌ക്കാരികതയെ എളുപ്പം നശിപ്പിക്കാമെന്ന്‌വന്നിരിക്കുന്നു. ഒരു മഹാഭൂരിപക്ഷം ലഹരിക്കടിമപ്പെട്ടാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ്, നമ്മളില്‍ പലരും. എന്നാല്‍ മനുഷ്യന്റെ ഈ നില, ഒരു സാംസ്‌ക്കാരിക കയ്യേറ്റമോ, കൊടും കുറ്റമോ ആയി പരിണമിക്കുന്ന വസ്തുതയോടാണ്, എന്ന് മറന്നു കൂടാ.
ഒരു രാജ്യത്തെ ജനതയെ ഷണ്ഠീകരിക്കുക എന്നതാണ് ഭരിക്കുന്നതിനുള്ള എളുപ്പമാര്‍ഗം. നിങ്ങളെ നിര്‍മൂല്യമാക്കുമ്പോള്‍ മൂല്യത്തിന് പ്രാധാന്യമുണ്ടാകുന്നു. ഒരമേരിക്കന്‍ വ്യവസ്ഥിതിയില്‍ പകുതി ജനത എപ്പോഴും പാപ്പരായിരിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ അത്യാവശ്യങ്ങളില്‍ നിന്നാണ് ആവശ്യ ങ്ങളുണ്ടാവുന്നത്. കാലാകാലങ്ങളായി നമ്മുടെ ഭരണാധികാരികള്‍ അത്യാവശ്യങ്ങളുണ്ടാക്കുന്നവരാണ്.
അതുകൊണ്ടവര്‍ക്ക് ലഹരിയെ പ്രതിരോധിക്കുക എന്നത് ആവശ്യവും അനാവശ്യവും ആണ്.

അതിരിക്കട്ടെ, ലഹരിയില്‍ നിന്നും നമുക്ക് മോചനം വേണം. അത് വൈകുന്നിടത്ത് സാസ്‌ക്കാരിക ഫാസിസത്തിന്റെ കയ്യൂക്ക് കടന്നു വരും. ഫാസിസം ഫാസിസം എന്ന് പറഞ്ഞ് അതൊരനുഭവമല്ലാതായതുപോലെ ലഹരി ലഹരി എന്ന് പറഞ്ഞ് അതൊരനുഭവമല്ലാതാവരുത്. വേണ്ടത് സര്‍ക്കാറിന്റെ വലിയ നിയന്ത്രണങ്ങള്‍ തന്നെ. അതിന് എന്തു ചെയ്യാനാവും ? അതാണ്‌ ഇന്നു ആവര്‍ത്തിക്കപ്പെടേണ്ട ചോദ്യം

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…