സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വീട്

ആകാംക്ഷ

വീട് നിർമിക്കുമ്പോൾ നാം നമ്മെ നിർമ്മിക്കുകയാണ്. നിർമ്മാണം എന്നത്
നാം കുക്കിംഗ് എന്ന് പറയുന്ന പോലെ എല്ലാ ചേരുവകളും പാകത്തിന് ഉൾപ്പെടുത്തി കൊണ്ട് രുചികരമാക്കുന്ന പ്രക്രിയയാണ്. ഒരാവിഷ്ക്കാരം, ഘടനാപരമായ ഒരു ആവിഷ്കാരം. ഭംഗിയിൽ, പുതുമയിൽ മറ്റെല്ലാത്തിനോടും മത്സരിക്കുന്ന ഏറ്റവും സവിശേഷതയാർന്ന ഒരു രൂപത്തെ സ്വീകരിക്കുകയാണ്.
കാഴ്ചയാണതിന്റെ ഭംഗി,
തൃപ്തിയാണതിന്റെമേന്മ.
അതിനപ്പുറം അതൊരുസംസ്ക്കാരമാണ്.
ജീവിതമാണ്.അതിവസിക്കാനുള്ള സങ്കേതമാണ്. കുറെകൂടെ ഒരാളെ യോഗ്യനാക്കുന്ന, ഒരാളെ സ്ഥാപിക്കുന്ന, ഒരാളെ സ്ഥിരപ്പെടുത്തുന്ന ഒന്ന്. പലപ്പോഴും
അതൊരാൾ ആയുസ്സിന്റെ നല്ലൊരു ഭാഗം പിന്നിട്ട് നിർമ്മിക്കുന്ന വിശേഷമാണ്. ഒന്നിലധികം തവണ മാറ്റി മാറ്റിനിർമ്മിക്കുന്ന ഒന്ന്. ഒരിക്കലും തൃപ്തി വരാതെ പുതുക്കി പുതുക്കി പണിയുന്നവ. ശരീരത്തിൽ വസ്ത്രം പോലെ നമ്മുടെ ആകാരത്തിന് അനുചിതമാക്കുന്ന സൂക്ഷ്മതയുണ്ട് അതിന്റെ നിർമ്മിതിയിൽ.
മടിയനായ ഒരാൾ വീട് നിർമ്മിക്കുമ്പോൾ എത്ര സർഗ്ഗാത്മകനാവുന്നു എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ട്.നിർമ്മിതിയിലെഎല്ലാവശവുംഒരിക്കൽകൂടി, പുതിയൊരിടത്ത് പരീക്ഷിക്കാൻ അയാൾക്ക് ആലോചന നൽകുന്ന വിശേഷാത്ഭുതത്തെ കണ്ടിട്ടുണ്ട് പലപ്പോഴും.ഒന്നിനോടൊത്ത് ജീവിച്ചു തുടങ്ങുമ്പോൾ അത് നമ്മുടെ സ്വന്തമായി തുടങ്ങുന്നു.വീടാണെങ്കിലും വാടകവീടാണെങ്കിലും മനുഷ്യരാണെങ്കിലും അതാണവസ്ഥ.ഏറെകഴിയുമ്പോൾ വാടകവീടും എന്റെവീടാണെന്നേ ഞാൻ പറയു.

സ്വന്തമാക്കുന്നിടത്താണ് സംസ്ക്കാരത്തിന്റെ ജൈവ സാന്നിധ്യം ഉണ്ടാവുന്നത്.അതെനിക്ക് വേണ്ടി മാത്രമല്ല എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടിക്കൂടിയാണ്.അത്തരത്തിൽ പ്രിയപ്പെട്ടവർക്ക് നാമുണ്ടാക്കുന്ന സാന്നിധ്യമാണ് ജീവിതം.
അത് കാണാനും അതിന്റെ വൈശിഷ്ട്യം അംഗീകരിച്ച് കിട്ടാനും നാം നടത്തുന്ന യത്നമു ണ്ടല്ലോ അതിൽ നിന്നാണ് പുതിയ ലോകത്തി
ന്റെ പ്രത്യേകതകളത്രയും ഉണ്ടാവുന്നത്.
ഒരു കാമുകൻ കാമുകിക്കയച്ചു കൊടുക്കുന്ന കത്ത് പോലെ വർണ്ണ ഭംഗിയുള്ള സ്വപ്നങ്ങളുണ്ട് അതിൽ.

വീട് എപ്പോഴും ഒരു തൊഴിൽ പഠിപ്പിക്കുന്നു. പഠിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു പാഠമുണ്ടാക്കുന്നു. പല തവണ തേച്ചും മിനുക്കിയും വൃത്തിയുള്ളതാക്കുന്ന മനസ് കൊണ്ടാണ് ഒരാൾ ഒരു വീടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത്. നാം വീട് നിർമ്മിക്കുമ്പോൾ നമ്മെ വീടും നിർക്കുന്നുണ്ടെന്ന് പറയുന്നത് അതുകൊണ്ടാണ്.

ഒരു പ്രിയപ്പെട്ട സുഹൃത്ത് ഒരിക്കൽ എന്റെ വീട്ടിൽ താമസിക്കാൻ വന്നു. തിരിച്ചുപോകുമ്പോൾ എങ്ങനെ താങ്കൾക്ക് ഉറങ്ങാനൊക്കെ കഴിഞ്ഞോ എന്നു അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു.
ഉറങ്ങി, പക്ഷെ, എനിക്ക് എന്റെ വീട്ടിൽ ഉറങ്ങുന്നത് പോലെ, എന്റെ കിടക്കയിൽ ഉറങ്ങുന്നത് പോലെ ഒരു സ്വാതന്ത്ര്യം
കിട്ടിയില്ല.ഒരാൾ ഉറങ്ങുന്നത് വെറുതെ ഒരിടത്തല്ല, അയാളുടെ സ്വാതന്ത്ര്യത്തിന്റെ സ്വപ്നത്തിന്റെ ഇടങ്ങളിലാണ്.അയാളുടേതായ സ്വകാര്യതകളൊന്നും ഇല്ലാത്തിടത്ത് അയാൾക്ക് ഉറങ്ങാനാവില്ല.
മനുഷ്യന്റെ വലിയ സ്വപ്നങ്ങളാണ് വലിയ ലോകമുണ്ടാക്കുന്നത്.പൗലോകൊയ്ലോ അൽകെമിസ്റ്റ് എഴുതി നമ്മെ വിശ്വസിപ്പിക്കുന്നത് വലിയ പ്രതീക്ഷയെ പുലർത്താനാണ്.ശരിയാണ്, ഒരാളുടെ ആഗ്രഹസാഫല്യത്തിനായി പ്രകൃതി പോലും അനുകൂലമായിത്തീരും.മനുഷ്യഭാവനയുടെ അതിരറ്റ സങ്കേതങ്ങളിൽ വെച്ചാണ് എല്ലാ സന്തുഷ്ടിയും നിർമ്മിക്കപ്പെടുന്നത്.അതുകൊണ്ടു ശോകംകൊണ്ട് ഈ ലോകത്തെ ശുദ്ധമാക്കാൻ നമുക്കാവില്ല.അതികഠിനമായ വേദനയെ അളെന്നെടുക്കുന്ന ഒരാളിലും ജീവിതമുണ്ടാകുന്നില്ലെന്ന് വരുന്നു.

കൂട്ടുകുടുംബവ്യവസ്ഥയിൽ വീട് എല്ലാ വേദനയും അകറ്റുന്ന ഒരാലയമായികണക്കാക്കപ്പെട്ടുപോന്നു,

അംഗസംഖ്യ അധികമുള്ളത് കാരണം ആരും അധികമവിടെ ഒറ്റപ്പെടുന്നില്ല,
നമ്മുടെ ന്യൂക്ലിയർ കുടുംബത്തിൽ സ്ഥിതിമറിച്ചാണ്, ഓരോരുത്തരും തനിച്ചാണ് അവിടെ. പരസ്പരം മിണ്ടാൻ സമയമില്ലാത്ത പ്രവർത്തികൊണ്ടു സദാ സജീവമായ ആളുകളാണ് അവിടെയുള്ളത് . പാരസ്പര്യം എന്നൊന്ന് അവിടെയില്ല. പ്രായമായവരുടെ ഒരുകാര്യവും നമ്മുടെ വീടുകളിൽ ശ്രദ്ധിക്കപ്പെടുന്നില്ല.
വീടൊരു സംസ്കാര കേന്ദ്രമായിവളരണം. നാം നിർമ്മിക്കുന്ന സംസ്കാരകേന്ദ്രം.

നല്ല കാറ്റും വെളിച്ചവും കടന്നു പോകുന്ന ആർക്കും എളുപ്പം ശ്രദ്ധിക്കാവുന്ന, വലിയ ചുമരുകളില്ലാത്ത, കൊച്ചു കൊച്ചു സ്വാതന്ത്ര്യങ്ങളുള്ള, എപ്പോഴും തുറക്കുന്ന ജനലഴികളുളള ഒരു വീട്.
നമ്മുടെ മനസ്സിന്റെ വലിപ്പം കാണാവുന്ന അഴികൾ മാത്രമേ അവിടെ ഉണ്ടാവാൻ പാടുള്ളൂ.
ഒരുവീട് എപ്പോഴും നിങ്ങളെ കാണിച്ചു തരുന്നു. നിങ്ങളാരാണെന്നും
എന്താണെന്നും തീർത്തുംസൂചിപ്പിക്കുന്ന നിറമുണ്ട് അതിന്റെ മുഖചിത്രത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…