സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മാമുക്കോയ ചിരിക്കുമ്പോള്‍

ആകാംക്ഷ

ചിരി ഒരാള്‍ മറ്റൊരാളോട് വെച്ചു പുലര്‍ത്തുന്ന സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും ഭാഷയാണ്. അത് വിവേകത്തിന്റേയും നൈര്‍മല്യത്തിന്റേയും ചിഹ്നമായി മാറ്റുന്നിടത്താണ് മനുഷ്യന്‍ പുതിയൊരാളായി തീരുന്നത്. മനുഷ്യന് മാത്രം സുസാധ്യമായ അല്‍ഭുതങ്ങളില്‍ ഏറ്റവും മികച്ച ഒന്നായി ഭൂമിയില്‍ ചിരിയുടെ സാധ്യത വളരുന്നു. ഒരാളുടെ ഏറ്റവും വലിയ ആനന്ദാനുഭവമായി ചിരി മാറുന്നതും അതുകൊണ്ടാണ്. മനുഷ്യകുലത്തിന് മാത്രം ബാധകമായ രസാവിഷ്‌ക്കാരമായി ചിരി വളരുന്നിടത്താണ് അതിന് സാംസ്‌ക്കാരികമായ അര്‍ത്ഥതലങ്ങളുണ്ടാകുന്നത്. അത് നമുക്ക് അസാധ്യമായ ഒരു ലോകത്തിന്റെ സാധ്യതയെ നിലനിര്‍ത്തുന്നതിന് പ്രേരകമാകുന്നു.

മാമുക്കോയ വലിയ നടനാവുന്നത് നമുക്കസാധ്യമായ ഒരു ലോകത്തിന്റെ സാധ്യതയെ നിലനിര്‍ത്തുന്നത് കൊണ്ടാണ്. അങ്ങനെ ഒരു നടന്‍ ഏറ്റവും ഉയര്‍ന്ന ജീവിതമുണ്ടാക്കുന്നവനും ഉയര്‍ന്ന സംസ്‌ക്കാരമുണ്ടാക്കുന്നവനുമായിത്തീരുന്നു. അയാള്‍ ലോകത്തിന് ഏറ്റവും അനുകൂലമായ ഒരു സംസ്‌ക്കാരവും മാനവികതയുമാണ് നിര്‍മ്മിക്കുന്നത്. ഒരു നടനെന്ന നിലയില്‍ മാമുക്കോയ വിജയിക്കുന്നത് ഈ മാനവികതയുടെയും സംസ്‌ക്കാരത്തിന്റെയും പൊതുധാരയെ അറിഞ്ഞത് കൊണ്ടുകൂടിയാണ്.

കള്ളനും കേടിയും പിടിച്ചു പറിക്കാരനുമൊക്കെയായി മാമുക്കോയ സിനിമയില്‍ കടന്നു വരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ എത്ര വലിയ വില്ലത്തരങ്ങള്‍ക്കും നമ്മുടെ മനസ്സില്‍ ഇടം കിട്ടാതെ വരുന്നു. ഒരു കൊമേഡിയന്‍ പകര്‍ന്നാടുന്ന ജീവിതം അയാളുടെ ആന്തരികമായ വിശുദ്ധിയുടെ പ്രകാശമാണ്. അയാള്‍ക്ക് എപ്പോഴും മനുഷ്യനാവാനെ പറ്റു. ഏത് വില്ലത്തരത്തിലും ഒരു കൊമേഡിയന്‍ വെച്ചുപുലര്‍ത്തുന്ന പാകതയുണ്ട്. മനുഷ്യലോകത്തെക്കുറിച്ചും മനുഷ്യവേദനയെക്കുറിച്ചുമുള്ള ധര്‍മ്മസങ്കടങ്ങളാണ് അവരെ പലപ്പോഴും അലോസരപ്പെടുത്തുന്നത്. മാമുക്കോയയുടെ എല്ലാ കഥാപാത്രങ്ങളിലും ഇങ്ങനെ മനുഷ്യരെ തൊടുന്ന കൈ സ്പര്‍ശമുണ്ടു. അതുകൊണ്ടയാള്‍ വില്ലനായിരിക്കെ, നമുക്ക് കൊമേഡിയനായി പോകുന്നു.

സ്വന്തം സാധ്യതയെ ലോകത്തിന്റെ സാധ്യതയായി കാണുന്നിടത്താണ് ഒരു നല്ല നടന്‍ രൂപപ്പെടുന്നത്. മാമുക്കോയ ജീവിതത്തിലും അഭിനയത്തിലും വലുതായി തീരുന്നത് അനുഭവങ്ങള്‍ കൊണ്ടാണ്. അദ്ദേഹം മതവിശ്വാസിയായിരിക്കുമ്പോള്‍ തന്നെ മതേതരനാകുന്നു. രാഷ്ടീയക്കാരനായിരിക്കുമ്പോള്‍ തന്നെ രാഷ്ടീയേതരനുമാകുന്നു. അദ്ദേഹം നടന്ന വഴി എപ്പോഴും പരിചിതമായ മനുഷ്യലോകത്തിന്റേതായിരുന്നു. പട്ടിണിയും ദാരിദ്ര്യവും ഏറെക്കുറെ പരിചയിക്കുകയും മനുഷ്യന്റെ വേവലാധികള്‍ വേണ്ടത്ര തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ചെയ്ത ജോലികളത്രയും നാട്ടുമ്പുറത്തെ പച്ചമനുഷ്യന്മാരുടെ ഹൃദയമിടിപ്പുകള്‍ അനുഭവിച്ചറിയുന്നവയുമായിരുന്നു. അദ്ധ്വാനിക്കുന്ന മനുഷ്യരുടെ ചൂടും ചൂരും എന്താണെന്നറിഞ്ഞതുകൊണ്ട് ആരില്‍ നിന്നും അദ്ദേഹം വേറിട്ടു നിന്നില്ല. അവരായി, അവരുടെ കൂട പിറപ്പായി ജീവിയ്ക്കാന്‍ ശ്രമിച്ചു.

സിനിമയിലെത്തുന്നതിന് മുന്‍പ് കോഴിക്കോട് നഗരം നല്‍കിയ സാംസ്‌ക്കാരികതയെ അദ്ദേഹം ആവോളം നുകര്‍ന്നിരുന്നു. കെ.ടിയും എസ് കെ യുമൊക്കെ എപ്പോഴും സന്തത സഹചാരികളായി. ബാബുക്കയും കൂഞ്ഞാണ്ടിയുമെല്ലാം മാമുക്കോയക്ക് പ്രിയപ്പെട്ടവരായി. സംഗീതവും നാടകവും ജീവിതവും നല്‍കിയ വലിയ ബോധത്തെ പുന: സൃഷ്ടിക്കുകയാണ് ഒരു നടനെന്ന നിലയില്‍ മാമുക്കോയ ചെയ്തത്.

ഒരു നടന്‍ വലിയ നടനാവുന്നത് സ്വന്തം ശരീരഭാഷകൊണ്ടുകൂടിയാണ്. അയാളുടെ ഭാഷയും രൂപഘടനയും അയാള്‍ക്കനുചിതമായ ലോകമുണ്ടാക്കുന്നു. മാമുക്കോയയെ സംബന്ധിച്ച് അത് തീര്‍ത്തും ശരിയാണ്. മലയാള സിനിമയിലെ ഒരു ഹീറോയ്ക്ക് ആവശ്യമായ ശരീരഘടനയൊന്നും മാമുക്കോയക്ക് ഇല്ലായിരുന്നു.
മുന്നില്‍ ഉന്തിനില്‍ക്കുന്ന അദ്ദേഹത്തിന്റെ രണ്ടു പല്ലുകള്‍ ആദ്യകാലത്ത് വല്ലവിധത്തിലും ക്രമപ്പെടുത്തിയിരുന്നെങ്കില്‍ മലയാളിക്ക് മാമുക്കോയ എന്ന വലിയ നടനുണ്ടാവില്ലായിരുന്നു. അത്രമേല്‍ ആത്മഗതമായ ഭാഷയാണ് അദ്ദേഹത്തിന്റെ പല്ലുകള്‍ നമുക്ക് സമ്മാനിക്കുന്നത്.

ചിരിയിലും ചിന്തയിലും കാണിക്കുന്ന ഉദാസീനത ഒരു ഹാസ്യനടന് ചേരുന്നത് തന്നെ. ചടുലഭാഷണത്തില്‍ ഉരുളക്കുപ്പേരിപോലെ എന്തൊരു തന്മയത്വമാണ് ഭാഷാപ്രയോഗത്തില്‍. ഒറ്റകുതിപ്പില്‍ തീര്‍ന്നുപോകുന്ന സംഭാഷണത്തില്‍ ഒരു മറുമൊഴിക്കിടം നല്‍കാത്ത സൂക്ഷ്മത. വാക്കില്‍ എപ്പോഴും ഹാസ്യത്തിന്റെ ഉല്‍പ്പത്തിക്കാസ്പദമാകുന്ന മുറുക്കം. നോട്ടത്തിലും ഇരിപ്പിലും നടത്തത്തിലും സാധാരണത്വം. കൃത്രിമത്വം കൊണ്ടു മാമുക്കോയ ഒരൊറ്റ വാക്കുപോലും പറയുന്നതായി പ്രേക്ഷകന് തോന്നുന്നില്ല. കല്‍പ്പിത സംഭാഷണത്തെ മറികടക്കുന്ന വൈകാരിക പ്രകടനം. എന്തൊരു ഊര്‍ജ്ജമാണ് നോക്കിലും വാക്കിലും! ഹാസ്യനടന്‍ അതിഭാവുകത്വം കൊണ്ടു നിര്‍മ്മിക്കുന്ന ചടുലതകളൊന്നും മാമുക്കോയയില്‍ നമുക്ക് കാണാനാവില്ല. മാമുക്കോയയില്‍ ഒരു നടന്‍ ജനിക്കുകയല്ല ചെയ്തത്. ആയിത്തീരുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…