സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മൊബഡിക്-ഒരു പുനര്‍വായന

സി. ലതീഷ് കുമാര്‍

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും ചെയ്യാതെ പോകുന്നു. എഴുത്ത് ഒരു ജീവിതോപാധിയായി തീര്‍ന്നതോടെ വായനക്കാരന് പാകമായി തീരുന്ന വിധത്തില്‍ സര്‍ഗാത്മകത സൃഷ്ടിക്കുക എന്നത് ഒരു രീതിയായി മാറി. സാഹിത്യത്തിലെ അഭിരുചിയായി സങ്കേതങ്ങളുണ്ടാക്കുക എന്നത് കലാകാരന്റെ നിര്‍ബന്ധമായി തീര്‍ന്നതും ഇങ്ങനെയാണ്.

ഒരു എഴുത്തുകാരന്‍ എന്ത് എഴുതണമെന്ന് ഒരു പത്രാധിപരോ ഒരു പത്രസ്ഥാപനമോ ആവശ്യപ്പെടുന്ന പ്രകാരം രചനകളുണ്ടാവുന്നതും ഈ വഴിക്ക് തന്നെ. എഴുത്തുകാരനെ മുറിക്കുള്ളില്‍ അടച്ച് സര്‍ഗാത്മകത സൃഷ്ടിച്ച പാരമ്പര്യം നമ്മുടെ കൊച്ചുകേരളത്തിനുണ്ട്.മൗലിക പ്രതിഭകളുടെ അപൂര്‍വതകള്‍ കണ്ടെത്താന്‍ മാധ്യമലോകം തേടിപോയ വഴികള്‍ ഇതുപോലെ പലതുമാണ്. പക്ഷെ ഇതിലൊന്നും ഒതുങ്ങാത്തതാണ് മനുഷ്യന്റെ സര്‍ഗാത്മകത.

മലയാളിക്ക് അതിന്റെ അപൂര്‍വത എത്ര മികച്ചതാണെന്ന് കാണിച്ചു കൊടുത്ത ബഷീറും വിജയനും നമ്മുടെ മുമ്പിലുണ്ട്. ഭാഷയുടെ സൈദ്ധാന്തിക തലത്തെ വെല്ലുവിളിച്ച് എഴുത്തു നിര്‍വ്വഹിച്ചവരാണ് രണ്ട് പേരും. അവര്‍ എഴുത്തുകാരായി തീരാന്‍ വേണ്ടി എഴുതിയവരല്ല. ജീവിതം അവരെ എഴുത്തുകാരാക്കുകയായിരുന്നു. എഴുതിയതൊന്നും തന്നെ മോശമായിപ്പോയെന്ന് പറഞ്ഞ് മാറ്റി വെക്കാന്‍ രണ്ട് പേരിലും ഒരു രചന പോലും ഇല്ല.

ലോകം കണ്ട മഹാപ്രതിഭയും റഷ്യന്‍ നോവലിസ്റ്റുമായ ദസ്തയേവ്‌സ്‌കി എഴുത്തുകൊണ്ടു ജീവിച്ചഒരാളായിരുന്നു. എഴുത്ത് അദ്ദേഹത്തിന് ഒരു മതിഭ്രമം പോലെയായിരുന്നു. അനുനിമിഷം അനുഭവങ്ങള്‍ വേട്ടയാടുകയും അതിന്റെ പ്രക്ഷുബ്ധതയില്‍ രചനകള്‍ രൂപപ്പെടുകയും ചെയ്തു. കവി ചങ്ങമ്പുഴയെ സംബന്ധിച്ചും ഇത് കൂടുതല്‍ ശരി. മലയാളത്തില്‍ ഈ അപൂര്‍വ്വതകളെല്ലാം അവകാശപ്പെടാവുന്ന പല എഴുത്തുകാരുമുണ്ട്. പക്ഷെ എന്തുകൊണ്ടോ അവരില്‍ നിന്നെല്ലാം വേറിട്ട ഒരു വഴി തുറന്ന പ്രതിഭകളാണ് ബഷീറും വിജയനും.
കടുത്ത ജീവിതാനുഭവങ്ങള്‍ കൊണ്ട് തെളിഞ്ഞ ബഷീറും, മൗനവും ചിന്തയും കൊണ്ട് ആത്മീയാനുഭൂതികളുടെ സര്‍ഗാത്മകതയില്‍ ജീവിച്ച വിജയനും രചനയില്‍ പുതിയ ലോകം കാണിച്ചു തന്നു.
അതുപോലെ എഴുത്തില്‍ ഐതിഹാസികമായ പ്രപഞ്ചം സൃഷ്ടിച്ച എഴുത്തുകാരാണ് ഹെമിംഗ്‌വേയും ഹെര്‍മന്‍ മെല്‍വിനും. പത്രപ്രവര്‍ത്തകനായ ഹെമിംഗ്‌വേ സാഹസികമായി ജീവിച്ചു മരിച്ചു. ഹെമിംഗ്‌വേ ജീവിതകാലത്ത് തന്നെ പ്രശസ്തനായിരുന്നു. എന്നാല്‍ ഹെര്‍മന്‍ മെല്‍വിന് ആ ഭാഗ്യമുണ്ടായില്ല. മെല്‍വിന്‍ ഒരു കപ്പല്‍ തൊഴിലാളിയും പ്രവാസിയുമായിരുന്നു. അയാള്‍ക്ക് ജീവിതം എപ്പോഴും കൈവിട്ട് പോയിരുന്നു. ഒരു തരത്തില്‍ അമേരിക്കയിലെ ദസ്തയേവ്‌സ്‌കിയാണ് ഹെര്‍മന്‍ മെല്‍വിന്‍. സമചിത്തതയുടെ ലോകത്ത് ജീവിച്ചതുകൊണ്ടു മെല്‍വിനെ ആരും ഒരു ചിത്തരോഗി എന്ന് വിളിച്ചില്ലെന്ന് മാത്രം.
പ്രതിഭകളുടെ ലോകം അസാധാരണമല്ലോ. പോളണ്ടില്‍ നിന്ന് ചെറുപ്പത്തില്‍ നാടുകടത്തപ്പെട്ട ജോസഫ് കോണ്‍റഡ് എന്ന മനുഷ്യന്‍ ഏറെക്കാലം കപ്പലിലായിരുന്നു ജീവിച്ചത്. ഇരുപത് വയസ്സുവരെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിവില്ലായിരുന്നു. അയാളാണ് പിന്നീട് ഇംഗ്ലീഷില്‍ മഹത്തായ രചന നിര്‍വ്വഹിച്ച് എഴുത്തുകാരനായി മാറിയത്. കോണ്‍റഡിനെ പോലെ, വര്‍ഷങ്ങളോളം ഒരു കപ്പലില്‍ മെല്‍വിനും ഒരു തൊഴിലാളിയായി ജീവിക്കുകയായിരുന്നു.. അതും തിമിംഗല വേട്ട കപ്പലില്‍. മെല്‍വിനെ മനുഷ്യജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങളും സംഘര്‍ഷങ്ങളും തേടിപോകാന്‍ പ്രാപ്തനാക്കിയത് അതായിരുന്നു.

നാവികരുടേയും നരഭോജികളുടേയും ഇടയില്‍ പുരോഗമിച്ചതായിരുന്നു മെല്‍വിന്റെ ജീവിതം. ഒരു എഴുത്തുകാരനെന്നനിലയില്‍ മെല്‍വിന്റെ ഏറ്റവും പ്രശസ്തമായ രചനയായി കാണുന്നത് മൊബിഡിക്കാണ്. ദൗര്‍ഭാഗ്യവശാല്‍ അത് പ്രസിദ്ധീകരിച്ച് എഴുപത്തിരണ്ടു വര്‍ഷം കഴിഞ്ഞ ശേഷമാണ് ആ പുസ്തകത്തെക്കുറിച്ച് ലോകം വേണ്ടത്ര ശ്രദ്ധിക്കുന്നത്. ജീവിച്ചിരുന്ന കാലത്ത് എഴുത്തുകാരനെന്ന നിലക്ക് അറിയപ്പെടാതിരുന്ന മെല്‍വിന്‍ തന്റെ ഒറ്റ കൃതി കൊണ്ടു സര്‍ഗാത്മകത സൃഷ്ടിക്കുകയായിരുന്നു. നിരൂപകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ നോവലിന് നൂറുകണക്കിന് പഠനങ്ങള്‍ പിന്നീട് ഭാഷയിലുണ്ടായി. കാലങ്ങളിലൂടെ പലനിലവാരത്തില്‍ അത് വ്യാഖ്യാനിക്കപ്പെട്ടു. പ്രാപഞ്ചിക ശക്തിയുടെ പ്രതീകമായി പ്രത്യക്ഷപ്പെടുന്ന മൊബഡിക്ക് എന്ന തിമിംഗലമാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അതിനെ കീഴടക്കാനൊരുങ്ങുന്ന മനുഷ്യനാണ് ഏനാബ്. പകയുടെയും പ്രതികാരത്തിന്റെയും മനുഷ്യരൂപം പൂണ്ട ഏനാബിന്റെ അസ്തിത്വം ഏത് വിധം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തുകയാണ് മെല്‍വിന്‍. അദ്ദേഹത്തിന്റെ അസ്തിത്വത്തെ തകര്‍ത്തുകളഞ്ഞ പ്രപഞ്ചശക്തിയാണ് ഇതിലെ മൊബഡിക്ക്. പ്രപഞ്ചശക്തിയോടേറ്റുമുട്ടുമ്പോള്‍ സംഭവിക്കാനിടയുള്ള എല്ലാ ഗുരുതരാവസ്ഥയും ഇതില്‍ ചിത്രീകരിക്കപ്പെടുന്നു. ഏറ്റവും വലിയ മത്സ്യത്തെ വേട്ടയാടിപിടിച്ച് തന്റെ അസ്തിത്വം പ്രഖ്യാപിച്ച ഹെമിംഗ്‌വെയുടെ കിഴവനെപോലെ ഏനാബ് അതി സാഹസികമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. മൊബഡിക്കിനെ സ്വയം തോല്‍പ്പിക്കണമെന്ന ആഗ്രഹമാണ്
ഏനാബിലുള്ളത്. യോഗ്യനായ പ്രതിയോഗിയെ വീഴ്ത്തുന്നതിലാണ് ശക്തി. തന്റെ ചുറ്റിലും വന്നു പെടുന്ന ചെറിയ മത്സ്യങ്ങളെ അയാള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രതിയോഗിയോട് അയാള്‍ എന്തിനും തയ്യാറായിരുന്നു. അതിനുവേണ്ടി അയാള്‍ എന്തും നഷ്ടപ്പെടുത്തുമായിരുന്നു. തന്റെ ജീവിതമോ, താന്‍ സഞ്ചരിക്കുന്ന കപ്പലോ, വേട്ടക്കാരോ ഒന്നും അയാള്‍ക്ക് ഒരു പ്രശ്‌നമാകുന്നില്ല. പ്രതിയോഗിയുടെ ശക്തി അജയ്യമാണെന്നറിഞ്ഞിട്ടും മൃഗീയ വാസനകളോടെ അയാള്‍ പ്രതിയോഗിയെ പിന്‍തുടരുന്നു. ഒരു ഭീരുവായി ജീവിക്കാന്‍ അയാള്‍ക്കാവില്ല. അതുകൊണ്ടു ഒരു ചാട്ടുളിയുമായി ആ ഭീമാകാരനായ തിമിംഗലത്തിന്റെ പിറകില്‍ ഏറ്റവും അപകടകരമായി അയാള്‍ യാത്ര ചെയ്യുന്നു.
കഥാപാത്ര സൃഷ്ടിയില്‍ വളരെ ശ്രദ്ധാലുവായ ഒരു എഴുത്തുകാരനെ ഈ നോവലില്‍ കണ്ടെത്താം. മൊബഡിക്കില്‍ മെല്‍വിന്‍ ചിത്രീകരിക്കുന്ന ഇഷ്‌മേലിന്റെ ജീവിതം വളരെ സ്‌തോഭജനകമാണ്. ഇഷ്‌മേലിന്റെ ജീവിതത്തിലൂടെ നോവലിസ്റ്റ് നിരന്തരം ചെയ്യുന്ന യാത്രയായി വായനക്കാരന് അനുഭവപ്പെടുന്നു. അയാള്‍ കാണുന്നതും അറിയുന്നതുമെല്ലാം കഥയുടെ പശ്ചാത്തമാവുകയും എഴുത്തുകാരന്റെ സ്വഗതാഖ്യാനമുണ്ടാവുകയും ചെയ്യുന്നു. അതില്‍ ആത്മകഥാപരമായ സന്ദര്‍ഭങ്ങളും ദര്‍ശനങ്ങളും വായനക്കാരന് തിരിച്ചറിയാം.
ഇഷ്‌മേലിന്റെ ജീവിതം ഏകാന്തവും പ്രക്ഷുബ്ദവുമാണ്. ്അശാന്തമായ മനസ്സുമായി അയാള്‍ ജീവിക്കുന്നു. എവിടെയെങ്കിലും ഒന്നു കരപറ്റാന്‍ അയാള്‍ ആഗ്രഹിക്കുന്നു. ഒടുവില്‍ വിധി അദ്ദേഹത്തെ തിമിംഗല വേട്ടക്കാരനാക്കുന്നു. വിലക്കപ്പെട്ട കടല്‍ പരപ്പുകളിലൂടെ കപ്പലോടിക്കാനും അപരിഷ്‌കൃത മനുഷ്യര്‍ താമസിക്കുന്ന ദീപുകളിലെത്താനും അയാള്‍ ആഗ്രഹിക്കുന്നു. അനുഭവങ്ങള്‍ ഒരു നിയോകമാണെന്ന തിരിച്ചറിവിലേക്ക് അയാള്‍ വരുന്നു.
അമേരിക്കന്‍ വ്യവസ്ഥിതി അടിച്ചേല്‍പ്പിക്കുന്ന തൊഴിലില്ലായ്മയും പട്ടിണിയും ദുരന്തവുമെല്ലാം ഇതില്‍ പ്രമേയമാണ്.
വേട്ടക്കപ്പലില്‍ എത്തിപ്പെടുന്നതിന് മുന്‍പ് ഏതാനും ദിനങ്ങള്‍ അയാള്‍ ന്യൂബഡ് ഫോര്‍ഡില്‍ ചെലവിടുന്നു. അവിടെ വിഭ്രമ ജനകമായ നിമിഷങ്ങള്‍ അയാള്‍ക്ക് നേരിടേണ്ടിവരുന്നു. വിദഗ്ധനായ ചാട്ടുളിക്കാരന്‍ ക്വീക്വൊഗിനെ പരിചയപ്പെടുന്നത് ഇവിടെ വെച്ചാണ്. കീക്വൊവില്‍ നരഭോജിയുടെ വികൃതരൂപം പ്രത്യക്ഷപ്പെടുന്നതായി അദ്ദേഹത്തിന് തോന്നുന്നു. അത് അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തുന്നു. അവനെക്കുറിച്ചുള്ള ഉല്ക്കണ്ഠാകുലമായ സങ്കല്പങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ലോകത്തെ മനുഷ്യാവസ്ഥയെ പുതിയ രൂപത്തില്‍ വായിച്ചെടുക്കാനും മനസ്സിലാക്കാനും ഇഷ്‌മേലിനെ പ്രേരിപ്പിക്കുന്നത് ക്വീക്വൊഗാണ്.തുടര്‍ന്ന് ഇഷ്‌മേലിന്റെ മുന്‍ധാരണകളെല്ലാം കാറ്റില്‍ പറത്തി കീക്വൊഗ് പെരുമാറി തുടങ്ങുന്നു. മനുഷ്യനെ എപ്പോഴും മുന്‍ധാരണയോടെ കാണുകയും അവന്റെ ശരിയെ കണക്കിലെടുക്കാതെയും നില്‍ക്കുന്ന ഒരു സാമൂഹ്യ സംവിധാനത്തെ ചോദ്യം ചെയ്യാന്‍ ഇവിടെ എഴുത്തുകാരന് സാധിക്കുന്നു.
തൈലത്തിലിട്ട മനുഷ്യത്തലകള്‍ വില്‍ക്കുന്ന കീക്വെഗ് ഒരു വ്യവസ്ഥാപിത സമൂഹത്തിന്റെ ഭാഗമാണ്. അയാള്‍ ഒറ്റപ്പെട്ടവനും പുറംതള്ളപ്പെട്ടവനുമാണ്. അയാള്‍ മനുഷ്യത്തലകള്‍ വില്‍ക്കുന്നവനെങ്കിലും മനുഷ്യ ജീവന് വലിയ വിലകല്‍പ്പിക്കുന്നവനാണെന്ന് ഇഷ്‌മേല്‍ മനസ്സിലാക്കുന്നു. കീക്വൊഗ് തന്റെ ജീവനെ പണയപ്പെടുത്തിയാണ് സഹജീവിയെ രക്ഷിക്കുന്നത്.

മനുഷ്യനെ കുറിച്ചും മനുഷ്യാവാസ്ഥയെക്കുറിച്ചുമുള്ള തിരുത്തലുകളാണ് ഈ കൃതിയെ സമ്പന്നമാക്കുന്നത്. കുറേകൂടി ആഴത്തിലുള്ള മനുഷ്യസമ്പര്‍ക്കത്തെ തിരിച്ചറിയുകയാണ് ഇതിലെ കഥാപാത്രങ്ങള്‍. കീക്വോഗും ഇഷ്‌മേലും അതിനുള്ള തെളിവാണ്. ഇവിടെ ക്വീക്വോക്കിന്റെ സാന്നിധ്യമാണ് ഇഷ്‌മേലിനെ നിലനിര്‍ത്തുന്ന ഘടകം. ഒരാളെ സ്‌നേഹിക്കാന്‍ തുടങ്ങുന്നതോടെ അയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് നാം വഴങ്ങി കൊടുക്കുന്നു, കീക്വോക്കില്‍ നിന്നും ഇഷ്‌മേല്‍ പഠിക്കുന്ന വലിയ പാഠമാണിത്.
ഓരോ കഥാപാത്രത്തിലും മനുഷ്യ നന്മയുടെ പ്രകാശം പരത്താന്‍ നോവലിസ്റ്റിന് കഴിയുന്നുണ്ടു. തിമിംഗല വേട്ടക്കാരുടെ സമാദരണീയനായ ഫാദര്‍ മാപ്പിള്‍ ഒരുകാലത്ത് വിദഗ്ധനായ ഒരു നാവികനും ചാട്ടുളിക്കാരനുമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ മനുഷ്യനെ അത്യധികം പരിഗണിക്കുന്ന കരുണയാണുള്ളത്. അത്രത്തോളം തന്നെ അവ ധീരോദാത്തവുമാണ്.
ഫാദര്‍ മാപ്പിള്‍ പറയുന്നു; കഠിനമായ ദൈവകല്പനയെ കരുതിക്കൂട്ടി അനുസരിക്കാതിരിക്കുക!
അതെ ദൈവം നമ്മോട് ചെയ്യുവാന്‍ പറയുന്നത് എപ്പോഴും നമുക്ക് കഠിനങ്ങളായി തോന്നുന്ന കാര്യങ്ങളായിരിക്കും. അവന്‍ നമ്മെ പ്രേരിപ്പിക്കുന്നതിലുമധികം നമ്മോട് ആജ്ഞാപിക്കുന്നു. നാം ദൈവത്തെ അനുസരിക്കണമെങ്കില്‍ നമുക്ക് നമ്മെ തന്നെ ആദ്യം അനുസരിക്കാതിരിക്കണം. ഇങ്ങനെ സ്വയം അനുസരിക്കാതിരിക്കുക എന്ന തീവ്ര സാധനയിലാണ് ദൈവത്തെ അനുസരിക്കുന്നതിലുള്ള കാഠിന്യം അനുഭവപ്പെടുന്നത്.

ഒരിക്കല്‍ സഹ നാവികരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറയുന്നു; ഓരോ ദു;ഖത്തിന്റെയും വലതുവശത്ത് ആനന്ദമുണ്ട്.ആനന്ദത്തിന്റെ വലിപ്പമനുസരിച്ച് ദു:ഖത്തിന്റെയും ആഴം കൂടിയിരിക്കുന്നു.

ഇത് യോനയുടെ പുസ്തകം പകര്‍ന്നു കൊടുക്കുന്ന കാരുണ്യമാണ്. മനുഷ്യനെ പരിപൂര്‍ണമായി അറിയുമ്പോഴുള്ള വിവേകം. അയാളുടെ ജന്മം ലോകത്തിന് വേണ്ടി സമര്‍പ്പിതമായ ഒന്നായീതീരുന്നു.

അതിസാഹസികവും അവിശ്വസനീയവുമായ തിമിംഗല വേട്ടയുടെ ചരിത്രം മാത്രമല്ല മൊബഡിക്. പെക്വോഡില്‍ എന്ന വേട്ട കപ്പലില്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ വിചിത്രാനുഭവങ്ങളെ മുന്നില്‍ കണ്ടു സഞ്ചരിക്കുന്ന മനുഷ്യരുടെ കഥ കൂടിയാണ്. അവരുടെ സങ്കല്‍പ്പങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളും എത്രമാത്രം മാനവികമാകുന്നുവെന്ന് ഈ കഥ വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…

ലഹരിയും ആനന്ദവും

ഇന്ന് കേരളം ഏറെചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ലഹരി. വളരെ വൈകി മലയാളിയെ അസ്വാസ്ഥ്യപ്പെടുത്തുന്ന പലതുമെന്ന പോലെ ലഹരിയും കടന്നുവരുന്നു.ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍…