സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അതിജീവനം

ആകാംക്ഷ

ലോകം ഒരളവുകോലുകൊണ്ടാണ് എപ്പോഴും സഞ്ചരിക്കുന്നത്. നാം ജീവിച്ചു തീര്‍ന്ന സമയവും കാലവും മുന്‍നിര്‍ത്തി ആലോചിച്ചുറപ്പിക്കുന്ന ഒരു ഘട്ടമുണ്ട് എപ്പോഴും മനുഷ്യരില്‍. ഈ ഘട്ടം കൊണ്ടാണ് നമുക്ക്‌ ജീവിതമുണ്ടാവുന്നത്. വയസാവുന്നതുപോലെ, വിവാഹം ചെയ്യുന്നതുപോലെ ബന്ധമുണ്ടാവുന്നതുപോലെ അനിശ്ചിതമോ നിശ്ചിതമോ ആയ അളവാണത്. എന്നാല്‍ ഇന്ന കാലത്ത് ഇന്ന സമയത്ത് സംഭവിക്കാന്‍ പോകുന്ന ജീവിതമാണ് ഒരാളെ നിലനിര്‍ത്തുന്നത്. ജീവിക്കുന്തോറും കുറഞ്ഞുപോകുന്ന ഊര്‍ജമാണത്. അങ്ങിനെ കുറഞ്ഞു പോകുന്ന ഊര്‍ജത്തില്‍ നിന്നാണ് എല്ലാ ജീവിവര്‍ഗ്ഗങ്ങളും ഭൂമുഖത്ത് നിലനില്‍ക്കുന്നത്. മനുഷ്യന്‍ പ്രത്യേകിച്ച്.

ചാള്‍സ് ഡാര്‍വിന്റെ പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് അര്‍ഹതയുള്ളതിന്റെ അതിജീവനം എന്ന് നാം പറയുന്ന സാമൂഹ്യവാദം ഒരു വിലകുറഞ്ഞ സാംസ്‌ക്കാരികോല്പന്നമാണ്. ഡാര്‍വിന്റെ ശരിയും തെറ്റും വിലയിരുത്തലല്ല ലക്ഷ്യം. മറിച്ച്, മാനസിക തലത്തില്‍ ഒരാള്‍ വളരുന്നതിന്റെ അടിസ്ഥാനവസ്തുതയെ പരിഗണിച്ച് നിര്‍മ്മിക്കപ്പെടേണ്ട മനോമയവാദമുണ്ടെന്ന് സൂചിപ്പിക്കുകയും നമ്മുടെ സാമൂഹ്യജീവിതത്തില്‍ അവ പകര്‍ത്തപ്പെടേണ്ടതുണ്ടെന്നും, പറയുകയാണ്. എന്നാല്‍ മത്സരത്തിന്റെയും ദയാ രാഹിത്യത്തിന്റേയും ലോകനിര്‍മ്മിതിയാണ് ഇന്ന് നമ്മുടെ മുമ്പിലുള്ളത്. മനുഷ്യന്‍ ആധുനിക ലോകത്ത് മുറിഞ്ഞുപോകുന്ന യുക്തികൊണ്ടാണ് ജീവിക്കുന്നത്. ഒരുമതവിശ്വാസിയിലും ആത്മീയതയില്ല. അയാള്‍ തികഞ്ഞ യുക്തിവാദിയെ പോലെ മതവിരുദ്ധനായി പുലരുന്നു. വിശ്വാസം അയാള്‍ക്കൊരു വരുമാനം മാത്രമാണ്. ഒരു സത്യവും അയാളുടെ ജീവിതത്തില്‍ സ്വീകരിക്കപ്പെടുന്നില്ല. അയാള്‍ ഭക്തിയുടെ സ്വരൂപമായി നിലനില്‍ക്കുന്നേയുള്ളു. ജീവിക്കുന്നിടത്ത് അയാള്‍ യുക്തിവാദിയാണ്. അയാള്‍ക്ക് സാമൂഹ്യജീവിതം എന്നൊന്നില്ല.

മികച്ച വിദ്യാഭ്യാസമുള്ളവരെന്ന് പറയപ്പെടുന്നവരിലും ഇത്തരത്തില്‍ സാമൂഹ്യജീവിതം നീതിപൂര്‍വമല്ല. കണിശക്കാരനായ ഒരു അച്ഛനിലോ, അമ്മയിലോ, സഹോദരനിലോ, സമൂഹത്തിലോ തളയ്ക്കപ്പെടുന്നതാണ് നമ്മുടെ യൗവ്വനം. ഒരു മൗലിക അവകാശവും അവന്റെ വ്യക്തി ജീവിതത്തില്‍ സുതാര്യമായി തീരുന്നില്ല. വേര് എപ്പോഴും പരമ്പരാഗതമാണ്. അതിലൂടെയാണ് നാം സാഹിത്യം രചിക്കുന്നത്, അവിടെയാണ് നാം ജനാധിപത്യം പുലര്‍ത്തുന്നത്. സാമ്പത്തിക സമാഹരണത്തില്‍ കവിഞ്ഞ സാമൂഹ്യജീവിതം നമുക്കില്ലെന്നതാണ് സത്യം. എന്താണതിന് കാരണം?

മനുഷ്യനെ സമ്പൂര്‍ണമായി കാണുന്ന ആലോചനകളെല്ലാം നമുക്ക് നഷ്ടപ്പെട്ടതാണ് അതിനു കാരണം. വിദ്യാഭ്യാസം തികച്ചും പ്രൊഫഷനലിസത്തിന്റെ ഭാഗമായി. നമ്മുടെ ഭാഷയിലെ സാഹിത്യവും കലയും രസിക്കുവാനും ആഘോഷിക്കുവാനും വേണ്ടി മാത്രം നിര്‍മ്മിക്കപ്പട്ടവയായി.

മനുഷ്യകേന്ദ്രീകൃതവും രാഷ്ട്രീയ കേന്ദ്രീകതവുമായ ആധുനികതയെ ശുദ്ധമായി മലയാളത്തില്‍ അടയാളപ്പെടുത്തിയ കവികളുടെ പാരമ്പര്യം നമുക്കുണ്ട്.

അത്‌ ചെറുതായി കാണുന്നില്ല. എന്നാല്‍ പിന്നീട്‌ എഴുത്ത് മലയാളിക്ക് ധീരമായി തീര്‍ന്നില്ല. ആലോചന മാത്രമായി.
അന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടാമ്പി സംസ്‌കൃതകേളേജില്‍ നിന്ന് ജന്മം കൊണ്ട ഒരു മാസിക നമുക്കുണ്ടായിരുന്നു.’പ്രസക്തി’. പ്രസക്തിയില്‍ ഒരു പ്രഖ്യാത വാക്യം കാണുകയുണ്ടായി-ദീനം പിടിച്ച കഥകളും കവിതകളും അതില്‍ പ്രസിദ്ധപ്പെടുത്തുന്നതല്ല. ദീപാങ്കുരന്‍ എന്നറിയപ്പെട്ട പി എന്‍ ദാസിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ ഈ മാസികയിലാണ് കെ ജി ശങ്കരപ്പിള്ളയുടെ ബംഗാള്‍ എന്ന കവിത വെളിച്ചം കാണുന്നത്. 1973ല്‍ പുറത്ത് വന്ന ആ കവിതയുടെ അന്‍പതാം വാര്‍ഷികമാണിപ്പോള്‍. ഗദ്യം കൊണ്ടു കാവ്യമെഴുതുന്ന കെ ജി എസ്സിന്റെ സുപ്രധാന രചനയാണിത്. കാലത്തെ അതിജീവിക്കുന്ന മനുഷ്യപറ്റുള്ള എഴുത്തുകൊണ്ടു കെ ജി ശങ്കരപ്പിള്ള മലയാളത്തില്‍ എക്കാലത്തേക്കുമായി അടയാളപ്പെടുകയാണ്.

അതേസമയം, ഇന്ന് മലയാള സാഹിത്യം അതിജീവനത്തിന് വേണ്ടി നിര്‍മ്മിക്കപ്പെടുന്ന സ്‌ക്കുളുകള്‍കൊണ്ടു പെരുകിയിരിക്കുകയാണ്. ഈ സ്‌കൂളുകളില്‍ പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും എഴുത്തും വായനയും തികഞ്ഞ അബ്‌സേഡിറ്റി കൊണ്ടു നിറഞ്ഞതാകുന്നു. ലക്ഷക്കണക്കിന് സാഹിത്യരചനകള്‍ നമ്മുടെ ഭാഷയിലുണ്ട്. എന്നാല്‍ നമ്മുടെ മനുഷ്യരെ അനുഗുണരാക്കുന്ന എത്ര രചനകള്‍ നമുക്കുണ്ടെന്നതാണ് ചോദ്യം.

പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളില്‍ ലോകത്തിന് പ്രകാശം ചൊരിഞ്ഞ വലിയ പ്രത്യയശാസ്ത്രങ്ങളും അതിന്റെ സൗന്ദര്യശാസ്ത്രങ്ങളും വെറും ക്രിമിനലിസമാണെന്ന് പ്രഖ്യാപിക്കുന്ന നോവലിസ്റ്റുകളാണ് നമുക്കുള്ളത്. അവര്‍ക്കെന്തുചെയ്യാനായി എന്നതിന് ഒരു ഉത്തരമില്ല.

മനുഷ്യന്റെ സ്വപ്‌നങ്ങള്‍ വലുതാവുന്നതിനനുസരിച്ച് ലോകം ചെറുതായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരും അതോടൊപ്പം ചെറുതാവുന്നു. അതിജീവനമാണ് ഇന്ന്‌ മലയാളിയുടെ പ്രാഥമിക ചിന്ത.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…