സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വിദ്യകൊണ്ടറിയേണ്ടതറിയാതെ

ലിജിഷ രാജ്

വിദ്യാഭ്യാസം എന്നാല്‍ എഴുത്തും വായനയും പഠിക്കുക എന്നതല്ല
അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താര്‍ജ്ജിക്കലാണ്’
-ഗാന്ധിജി –

മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിദ്യാഭ്യാസമേഖലയിലും ബൃഹത്തായ മാറ്റങ്ങള്‍ കാലത്തിനൊപ്പം സംഭവിച്ചിട്ടുണ്ട്. ഗുരുവിനോടൊപ്പം താമസിച്ച് വിദ്യ സ്വായത്തമാക്കിയ രീതിയില്‍ നിന്നും വ്യത്യസ്തമായി, വീട്ടിലേക്ക് വിദ്യാലയം മാറുന്ന യാഥാര്‍ഥ്യത്തിനും കാലം വഴിയൊരുക്കി. ആവശ്യാനുസരണം, സ്വീകരണങ്ങളും തിരസ്‌കരണങ്ങളും, നടത്തിയാണ് ഗുരുകുല സമ്പ്രദായത്തില്‍ നിന്നും ഓണ്‍ലൈന്‍ രീതിയിലേക്ക് വിദ്യാഭ്യാസസമ്പ്രദായം മാറിയത്. എന്നാല്‍ സാങ്കേതികപരവും, കാലാനുസൃതവുമായ ഈ അനിവാര്യതകള്‍ക്കപ്പുറത്ത് വിദ്യാഭ്യാസം മുന്നോട്ടു വയ്ക്കുന്ന ചില അടിസ്ഥാന വീക്ഷണങ്ങള്‍ ഉണ്ട്.

ഒരു വ്യക്തിയുടെ സമഗ്ര വികാസമാണ് പഠനപ്രക്രിയയുടെ അടിസ്ഥാന ലക്ഷ്യം. ഒരാളെ ജീവിക്കാന്‍വേണ്ടി പ്രാപ്തനാക്കുക എന്നതിനൊപ്പം ജീവിതത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിച്ചെടുക്കുന്നതിനും വിദ്യാലയങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ ചുറ്റുപാടിനേയും, സഹജീവികളെയും പറ്റിയുള്ള അടിസ്ഥാന അറിവ് കൂടിയാണ് വിദ്യാഭ്യാസം. മനുഷ്യത്വം, സ്‌നേഹം, കരുണ, സഹാനുവര്‍ത്തിത്വം, തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമാണത്. സ്‌കൂള്‍ അസംബ്ലിയില്‍, ആര്‍ക്കോ വേണ്ടി എന്നപോലെ ചൊല്ലുന്ന, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്നു തുടങ്ങുന്ന പ്രതിജ്ഞ, ഹൃദയംകൊണ്ട് പാലിക്കാന്‍ സാധിക്കുന്ന നില കൂടിയാണ് വിദ്യാഭ്യാസത്തിലൂടെ നാം ആര്‍ജ്ജിച്ചെടുക്കേണ്ടത്. പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്ന, പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തരാക്കുന്ന, ജീവിതത്തെ സ്വയം പര്യാപ്തം ആക്കുന്ന ഉപാധി കൂടിയാണ് പഠനം. മഹാത്മജി യുടെ വരികള്‍ സ്മരിക്കുമ്പോള്‍ വിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നത് ശിശുവിന്റെയും പ്രായപൂര്‍ത്തിയായ മനുഷ്യന്റെയും ശരീരത്തിലും മനസ്സിലും ആത്മാവിലും അന്തര്‍ഭവിച്ചിട്ടുള്ള എല്ലാ നന്മകളും മുന്നോട്ടു കൊണ്ടുവരിക എന്ന പ്രക്രിയ കൂടിയാണ്.

എന്നാല്‍ പലപ്പോഴും പരീക്ഷകളില്‍ ഉന്നതമാര്‍ക്ക് കരസ്ഥമാക്കുന്നത് മാത്രമാണ് മികവിനെ മാനദണ്ഡമായി സമൂഹം പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം അക്കാദമികമായി മാത്രം ചുരുങ്ങി പോവുകയും ചെയ്യുന്നു.
ഇതുമൂലം വിദ്യാര്‍ത്ഥികള്‍ പഠന ഭാരത്തിന്റെ പ്രഷര്‍ കുക്കറിലേക്ക് വലിച്ചെറിയപ്പെടുകയാണ്. അഭിരുചിക്കനുസരിച്ച് വേണം പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍. അത്തരം തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം പൂര്‍ണ്ണമായും കുട്ടികള്‍ക്ക് ലഭിക്കുകയും വേണം. ജനുവരി 24 ന് ഹൈദരാബാദില്‍ നിന്നും പുറത്തു വന്ന ഒരു വാര്‍ത്ത പഠിക്കാത്തതിനെ തുടര്‍ന്ന് പിതാവ് പത്തുവയസുകാരനെ പെട്രോള്‍ ഒഴിച്ചു തീവച്ചു എന്നതാണ്. അന്ധവിശ്വാസത്തിന്റെ പേരില്‍, പുനര്‍ജ്ജനിക്കുമെന്ന വിചിത്ര വാദവുമായി പെണ്‍മക്കളെ തലയ്ക്കടിച്ചുകൊന്ന അധ്യാപക ദമ്പതിമാരുള്ള സമൂഹമാണിത്. സര്‍ട്ടിഫിക്കറ്റിന്റെ വലിപ്പവും ബിരുദാനന്തരബിരുദവുമെല്ലാം കടലാസിന്റെ നിലവാരം പോലും അര്‍ഹിക്കാത്ത ദുരവസ്ഥയിലേക്കാണ് ഇത് വിരല്‍ ചുണ്ടുന്നത്.

ഇത്തരത്തിലുള്ള ഒരു സമൂഹത്തെ എങ്ങനെയാണ് വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളും, അര്‍ത്ഥവും പഠിപ്പിക്കേണ്ടത്? അടിസ്ഥാനപരമായി സാമാന്യ ബോധമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ എങ്കിലും നമ്മുടെ വിദ്യാഭ്യാസ രീതി കൊണ്ട് സാധിക്കണം.മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…