സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കാല്പനികതയുടെ കലാപങ്ങൾ ‘ഉമ്മാച്ചു’വിൽ

ഡോ.സരള കൃഷ്ണ

മലയാള നോവൽ സാഹിത്യത്തിന് പകരം വയ്ക്കാൻ ഇല്ലാത്ത സംഭാവന നൽകിയ എഴുത്തുകാരനാണ് ഉറൂബ്. പ്രണയത്തിന്റേയും വൈകാരികഭാവങ്ങളുടേയും ഗൃഹാതുരത പതിപ്പിച്ച നോവലിസ്റ്റാണ് അദ്ദേഹം. പ്രണയവും നിരാസവും അതിന്റെ മൂർത്തമായ രൂപത്തിൽ അദ്ദേഹത്തിന്റെ നോവലുകളിൽ കാണാം. കാല്പനികമായ ചിന്തകളെ ഊട്ടി ഉറപ്പിക്കാൻ പ്രേരണ നൽകും വിധമാണ് ‘ഉമ്മാച്ചു’വിന്റെ ശൈലി. മനുഷ്യ ജീവിതത്തിന്റെ കൗതുകകരമായ അവസ്ഥകളാണ് ഉമ്മാച്ചുവിൽ ദർശിക്കാനാവുക. ഈ നോവലിൽ മനസ്സിന്റെ സങ്കീർണ്ണത സൂക്ഷ്മമായ രീതിയിൽ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. വ്യക്തികളിലെ ആന്തരിക സംഘർഷങ്ങളും സ്ത്രീ പുരുഷ ബന്ധത്തിലെ വ്യത്യസ്തതയും ഈ നോവലിൽ പ്രകടമാണ്. അതിരുകളില്ലാത്ത പ്രണയമാണ് ഉമ്മാച്ചുവിനും മായനും തമ്മിലുള്ളത്. സ്ത്രീത്വത്തിന്റെ മഹത്വവും സ്ത്രൈണതയുടെ ശക്തിയും വിളംബരം ചെയ്ത കൃതിയാണ് ഉമ്മാച്ചു. അക്കാലത്തെ മുസ്ലിം സ്ത്രീകൾ അനുഭവിച്ചിരുന്ന ജീവിതാനുഭവങ്ങളുടെ കഥയാണിത്. മനുഷ്യമനസ്സിന്റെ ചിന്തകളെയും അതിന്റെ അടിത്തട്ടിലെ ശക്തമായ വിചാരങ്ങളെയും കൃത്യമായ രീതിയിൽ ഉറൂബ് ഈ നോവലിൽ അടയാളപ്പെടുത്തുന്നുണ്ട്. പൊന്നാനിയിലെ സാധാരണക്കാരായ മനുഷ്യരുടെ കഥയാണിത്. ഒപ്പം സ്നേഹത്തിന്റെ, കാമത്തിന്റെ, വേദനകളുടെ നഷ്ടങ്ങളുടെ കൂടി കഥയായി മാറുന്നു. മനുഷ്യമനസ്സിന്റെ ചിന്തകളെയും അടിത്തട്ടിലെ ശക്തമായ വിചാരങ്ങളെയും കൃത്യമായ രീതിയിൽ ഈ നോവലിൽ വായിച്ചെടുക്കാം.
സ്ത്രീയെ സ്ത്രീയുടെ മനോ വ്യാപാരങ്ങളെ കൃത്യമായ ഭാഷയിൽ ഈ നോവലിൽ വരച്ചു വെച്ചിരിക്കുന്നു. ഒപ്പം നിസ്വാർത്ഥമായ സ്ത്രീ മനസ്സിന്റെ ഉദാത്തതയും കാണാം. സ്നേഹമെന്നത് മനസ്സിന്റെ മാത്രമല്ല ശരീരത്തിന്റെയും ലയനമാണെന്ന് ഉമ്മാച്ചു വിശ്വസിച്ചു. ഉപാധികളില്ലാത്ത സ്നേഹത്തിന്റെ മഹത്വമാണ് ഉമ്മാച്ചുവിൽ കാണാനാവുക. സ്ത്രീ ശാക്തീകരണം എന്നോ ഫെമിനിസം എന്നോ കേട്ടുകേൾവിയില്ലാത്ത കാലത്താണ് ഉമ്മാച്ചുവും മായനുമായി ഉറൂബ് കടന്നുവരുന്നത്. ധൈര്യവും ആത്മബോധവുമാണ് ഒരു സ്ത്രീക്ക് അത്യാവശ്യമായി വേണ്ടത്. ആത്മബോധമുള്ള ഉമ്മാച്ചു പുരുഷന്റെ അടിമയാകുന്നില്ല. സ്ത്രീയെക്കാൾ ദുർബ്ബലരായിട്ടുള്ള പുരുഷന്മാരാണ് ഈ നോവലിൽ ഉള്ളത്. തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്ന തന്നെക്കാൾ ചിന്താപരമായി താഴ്ന്ന നിലവാരത്തിലുള്ള ബീരാന്റെ ഭാര്യ ആയിരിക്കുന്നതുകൊണ്ടുതന്നെ ഉമ്മാച്ചുവിന് വീട് ഭരിക്കാനും ഭർത്താവിനെ നിയന്ത്രിക്കാനും സാധിക്കുന്നു. പുരുഷ കേന്ദ്രീകൃതമായ കുടുംബ വ്യവസ്ഥയെ ഉമ്മാച്ചു തകർക്കുന്നു.
സ്വന്തമായി നിലപാടുണ്ട് കുട്ടിയായിരിക്കുമ്പോൾ തന്നെ ഉമ്മാച്ചുവിന്. പുരുഷന്റെ താഴെയോ പുരുഷന് വിധേയയായി അനുസരിച്ചു നിൽക്കേണ്ടവളോ അല്ലെന്നും സ്ത്രീയും പുരുഷനും തുല്യശക്തിയും ആർജ്ജവവും ഉൾക്കൊള്ളുന്ന സ്വതന്ത്ര വ്യക്തിത്വമുള്ള രണ്ട് വ്യത്യസ്ത വ്യക്തികളുമാ ണെന്ന ദർശനം ഉറൂബില്‍ കാണാം. ഉമ്മാച്ചു തന്റെ ചുറ്റുമുള്ളവർക്ക് വേണ്ടി കൂടി ജീവിച്ചതുകൊണ്ടാണ് ബാപ്പയെ അനുസരിച്ച് ബീരാനെ വിവാഹം കഴിക്കുന്നത്. പക്ഷേ മായനോടുള്ള പ്രണയം ഇല്ലാതാകുന്നുമില്ല. കാല്പനികതയിൽ അധിഷ്ഠിതമല്ലാത്ത യാഥാർത്ഥ്യത്തിലൂന്നിയ സ്നേഹമാണ് ഉമ്മാച്ചുവിന് മായനോട് ഉണ്ടായിരുന്നത്. സ്നേഹം ഉണ്ടായിരുന്നെങ്കിൽ മറ്റൊരു പുരുഷന്റെ ഭാര്യയാവേണ്ടി വന്നപ്പോൾ തൂങ്ങി ചാകാമായിരുന്നില്ലേ എന്ന മായന്റെ ചോദ്യത്തിനു മുന്നിൽ മരിച്ചു കഴിഞ്ഞാൽ പിന്നെ കാണാൻ പറ്റുമോ എന്നാണ് പ്രായോഗിക ബുദ്ധിയുള്ള ഉമ്മാച്ചുവിന്റെ ചോദ്യം.
സ്ത്രീ പ്രകൃതിയാണ്. അവളിൽ നിന്നാണ് പ്രകൃതിയിലെ ചരാചരങ്ങൾ പൊട്ടിമുളയ്ക്കുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിയിലെ പ്രധാന ഘടകം സ്ത്രീയാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട ക്ലേശങ്ങളും ഭാരങ്ങളും സ്ത്രീയെ വിടാതെ പിന്തുടരുന്നുമുണ്ട്. ആശ്വാസവും നിരാസവും പ്രണയവും കുടുംബവും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു കുടുംബ വ്യവസ്ഥിതി പുരുഷാധിപത്യത്തിന്റേതാകുമ്പോൾ സ്ത്രീയുടെ പ്രണയത്തിന് സാക്ഷാത്കാരം അസാധ്യമാകുന്നു. സ്ത്രീ ജീവിതത്തിന്റെ നിസ്സഹായത അടയാളപ്പെടുകയാണ് ‘ഉമ്മാച്ചു’വിൽ.
സ്വപ്നങ്ങൾ കാണാനുള്ള മനസ്സും അത് തകർക്കുന്നവരോടുള്ള പ്രതികാര ദാഹവും കാല്പനിക ഭാവങ്ങളാണ്. ബീരാനെ മായൻ കൊല്ലുന്നത് ഉമ്മാച്ചു നോക്കി നിൽക്കുന്നത് അതുകൊണ്ടാണ്. കാല്പനിക ലോകത്ത് ജീവിക്കുന്നവർ ജീവിതത്തെ വൈകാരികമായി കാണുന്നവരാണ്. പ്രണയ നഷ്ടവും അസ്തിത്വ നഷ്ടവും ഒരുപോലെ അവരെ തെറ്റുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അതുകൊണ്ടുതന്നെ ജീവിതം ക്ലേശഭരിതവും ദുരന്തപൂർണ്ണവുമായിത്തീരുന്നു. ഉറൂബിന്റെ ആവിഷ്കരണ കൗശലം ക്രൂരത നിറഞ്ഞ ഒരു പ്രമേയത്തെ വായനക്കാരന് ഉൾക്കൊള്ളാൻ ആവുന്ന തരത്തിൽ മനോഹരമാക്കിയിരിക്കുന്നു. മായന് ഉമ്മാച്ചുവിനോടും തിരിച്ചുമുള്ള പ്രണയത്തിന്റെ ആഴമാണ് ആ ക്രൗര്യത്തിന്റെ അംശം വായനക്കാർക്ക് ജീവിത രതിയുടെ താളമായി മാറുന്നത്. അവരുടെ പരസ്പരമുള്ള പ്രണയത്തിന്റെ തീവ്രത ഉമ്മാച്ചുവിനോടും മായനോടും സഹാനുഭൂതി നിറക്കുന്നു. ലളിതമായ എന്നാൽ കാവ്യാത്മകമായ ഭാഷയിൽ കൃത്യമായ വാക്കുകൾ പ്രയോഗിച്ച് കഴിഞ്ഞ നൂറ്റാണ്ടിലെ ഉത്തര മലബാറിന്റെ മുസ്ലിം സാംസ്കാരിക ചരിത്രം രചിച്ചിരിക്കുകയാണ് ഉറൂബ്. വർഷങ്ങൾക്ക് ശേഷം ഇന്നത്തെ കേരളത്തിൽ ജീവിക്കുന്നവർക്കും വായിക്കാവുന്ന കൃതിയാണ് ഉമ്മാച്ചു.
കുടുംബ വ്യവസ്ഥയുടെ തീരുമാനങ്ങളും വ്യക്തികളുടെ താൽപര്യങ്ങളും തമ്മിൽ പൊരുത്തപ്പെടാതെ വരുമ്പോൾ ഭാവനാ ലോകത്ത് ജീവിക്കുന്നവർ സ്വപ്നങ്ങളെ കൂട്ടുപിടിക്കും. ഉമ്മാച്ചു സദാ സ്വപ്നലോകത്ത് ജീവിച്ചു. തന്റെ ആഗ്രഹങ്ങളെ പൂർത്തീകരിക്കാൻ അതു മാത്രമേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. മറ്റുള്ളവരോട് തന്റെ മനസ്സ് തുറക്കുന്ന പ്രകൃതമല്ല ഉമ്മാച്ചുവിന്റേത്. മായനെ മനസ്സുകൊണ്ട് വരിച്ച ഉമ്മാച്ചു വെള്ളിക്കോൽ എന്ന് കളിയാക്കി വിളിച്ചിരുന്ന ബീരാന്റെ ഭാര്യയാകുന്നു. വാശിയോടെ വരുന്നതിനെയെല്ലാം സ്വീകരിക്കാൻ അവൾക്ക് സാധിക്കുന്നു. പ്രതികാരമുള്ള മനസ്സ് കാത്തുസൂക്ഷിച്ചു കൊണ്ടാണ് ബീരാന്റെ ഭാര്യയായി ജീവിച്ചത്. കാല്പനിക മനസ്സിന്റെ കലാപമാണ് ഉമ്മാച്ചുവിൽ ദർശിക്കാനാവുന്നത്. ആരോടും എതിർപ്പ് പ്രകടിപ്പിക്കാതെ സ്വപ്നങ്ങൾ തകർത്ത സ്വന്തം ബാപ്പയോട് മറുത്തൊന്നും പറയാതെ കാത്തുനിൽക്കുകയായിരുന്നു ഉമ്മാച്ചു. ” കെട്ടട്ടെ, ഓൻ കെട്ടട്ടെ, കാശിന്റെ ഊറ്റം കൊണ്ടല്ലേ കെട്ടട്ടെ” എന്നാണ് ഉമ്മാച്ചു ചിന്തിക്കുന്നത്. ഉള്ളിൽ അത്രമാത്രം വേദനയോടെ പുറമേക്ക് ചിരിച്ചുകൊണ്ട് കാശിന്റെ അഹങ്കാരത്തെ പുച്ഛത്തോടെ കാണാൻ സാധിക്കുന്നു ഉമ്മാച്ചുവിന്. തന്റെ ജീവിതത്തിലെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും നശിപ്പിച്ച എല്ലാറ്റിനോടും പക അവളുടെ ഉള്ളിലുണ്ട്. ബീരാനെ തന്റെ സാരിത്തുമ്പിൽ കെട്ടിയിടാൻ അവൾ ശ്രമിച്ചത് തന്റെ ജീവിതം തകർത്തത് കൊണ്ടാണ്. “പൂതിക്കൊത്തൊരു കെട്ട്യോൻ വന്നാൽ അതിന്റെ സൊഹം ബേറെത്തന്യാ ” എന്ന് പറയുന്ന ഒരു മനസ്സും ഉമ്മാച്ചുവിലുണ്ട്. മനസ്സുകൊണ്ട് ബീരാനെ സ്വീകരിക്കാൻ ഒരു കുട്ടിക്ക് ജന്മം നൽകിയിട്ടും അവൾക്കാകുന്നില്ല. നഷ്ടപ്പെടലിന്റെ വേദനയും ഏകാന്തതയും ഉമ്മാച്ചുവിനെ അലട്ടുന്നുണ്ടെങ്കിലും അത് ആരുമായും പങ്കുവയ്ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മായനും തന്റെ മനസ്സിലെ പ്രണയം ആരോടും പങ്കുവെക്കാൻ ആദ്യമൊന്നും തയ്യാറായിരുന്നില്ല . കാശില്ലാത്തതിന്റെ അപകർഷതാബോധം അയാളെ വേട്ടയാടുന്നുണ്ട്. സാഹചര്യങ്ങൾ അങ്ങനെ ആക്കി തീർത്തതാണ് മായനെ. ബീരാന് കിട്ടുന്ന പരിഗണന മുതലാളിയുടെ മകനല്ലാത്തതുകൊണ്ട് തനിക്ക് കിട്ടാതെ പോകുന്നതിൽ മായന് കുട്ടി ആയിരിക്കുമ്പോൾ തൊട്ട് പരിഭവമുണ്ട്. വലുതായപ്പോഴും പ്രേമവും വിവാഹവും സാമൂഹ്യവും സാമ്പത്തികവുമായ അന്തസ്സിന്റെ ഭാഗമാണെന്നത് അയാളെ വേദനിപ്പിക്കുന്നു.
സാധാരണക്കാരനായ അത്തർ ഹാജിയുടെ മകളെ വിവാഹം കഴിക്കാൻ പണക്കാരനായ ബീരാന്റെ ബാപ്പ സമ്മതിക്കില്ല എന്ന വിശ്വാസമായിരുന്നു മായനുണ്ടായിരുന്നത്. പക്ഷേ ആ വിശ്വാസം മായന്റെ രക്ഷയ്ക്കെത്തിയില്ല. ചരിത്രകാരനായ അഹമ്മദുണ്ണി ഹാജി ബീരാന്റെ രക്ഷയ്ക്കെത്തുന്നു. പൈസ കൊടുത്താൽ ചരിത്രം വളച്ചൊടിക്കാൻ അഹമ്മദുണ്ണി ഹാജിക്കറിയാം. ഉമ്മാച്ചുവിനെ വിവാഹം കഴിക്കാൻ വേണ്ടി അഹമ്മദുണ്ണി ഹാജിയുടെ സഹായം തേടുന്നു ബീരാൻ. തന്റെ ബാപ്പ ചേക്കുട്ടി മുതലാളിയുടെ അടുത്ത് അത്തർ ഹാജിയുടെ കുടുംബ പാരമ്പര്യത്തെ കുറിച്ച് പറയണമെന്നതാണ് ദൗത്യം. അങ്ങനെ പണമില്ലെങ്കിലും കുടുംബ മഹിമയുള്ള ഉമ്മാച്ചുവിനെ കൊണ്ട് ബീരാനെ വിവാഹം കഴിപ്പിക്കാൻ ചേക്കുട്ടി മുതലാളി തയ്യാറായി. മായന് അഹമ്മദുണ്ണി ഹാജിയോട് പകയായി. ഇടവഴിയിലിട്ട് ആരും കാണാതെ തല്ലി അവശനാക്കി മായൻ വയനാട്ടിലേക്ക് നാടുവിട്ടു. വർഷങ്ങൾക്ക് ശേഷം ഹാജിയുടെ മകൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് മായന്റെ അടുക്കൽ എത്തിയപ്പോഴാണ് നാട്ടിലെ വിവരങ്ങൾ മായൻ അറിയുന്നത്. തന്റെ കൈകൊണ്ട് അഹമ്മദുണ്ണി ഹാജി മരിച്ചില്ല എന്നറിഞ്ഞ മായൻ തിരികെ നാട്ടിലെത്തി ഉമ്മാച്ചുവിനെ കാണുന്നു. വയനാട്ടിൽ മായൻ പണക്കാരനാണ്. ബീരാനെ കൊന്നിട്ടാണെങ്കിലും ഉമ്മാച്ചുവിനെ സ്വന്തമാക്കണമെന്ന ദൃഢ നിശ്ചയം മായന്റെ ഉള്ളിലുണ്ട്. ഉമ്മാച്ചു നോക്കിനിൽക്കെ ബീരാനെ മായൻ കൊല്ലുന്നു. മകൻ അബ്ദുവും മൂക സാക്ഷിയായി നിൽക്കുന്നു. ഭർത്താവിന്റെ കൊലപാതകത്തിന് മൗനമായി കൂട്ടുനിൽക്കുകയായിരുന്നു ഉമ്മാച്ചു. ആ കൊലപാതകിയെ ആദ്യാനുരാഗത്തെ മറക്കാൻ സാധിക്കാത്ത ഉമ്മാച്ചു വിവാഹം കഴിക്കുന്നു. സ്നേഹിക്കുമ്പോഴും വെറുക്കുമ്പോഴും ദുഃഖിക്കുമ്പോഴും അതേ വികാരം വായനക്കാരിലും സൃഷ്ടിക്കാൻ നോവലിസ്റ്റിന് സാധിച്ചിരിക്കുന്നു. മകൻ അബ്ദുവിന് തന്റെ ബാപ്പയായി മായനെ അംഗീകരിക്കാൻ സാധിക്കാത്തത് കൊണ്ട് മകന്റെയും ഭർത്താവിന്റെയും ഇടയിൽ പെട്ടു പോകുന്നുണ്ട് ഉമ്മാച്ചു. ബാപ്പ മരിച്ചതിനു ശേഷം ഉമ്മയോടുള്ള അബ്ദുവിന്റെ അടുപ്പത്തിന്റെ അടയാളങ്ങൾ ഓരോന്നായി ഇല്ലാതാകുമ്പോഴും ജീവിതം അനിശ്ചിതത്വത്തിലാകുമ്പോഴും ചാപ്പുണ്ണി നായരുടെ വീട് അബ്ദുവിന് ഇടത്താവളമായി മാറുകയായിരുന്നു. പക്ഷേ അവിടെയും ശാന്തി കിട്ടുന്നില്ല. അബ്ദുവിന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളെയും കണ്ണിൽ ചോരയില്ലാതെ മായൻ തുടച്ചു നീക്കി എന്നവനറിയാം.
ഒരിക്കൽ മാത്രം ജീവിക്കാൻ കിട്ടിയ ജീവിതത്തെ തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ ഉമ്മാച്ചു ആഗ്രഹിച്ചു. ” ഞാൻ വന്ന് അന്റെ സൊഹം കെടുത്തി എന്ന് മായൻ പറയുമ്പോൾ “ഇങ്ങള് വന്നപ്പോളേ ക്ക്‌ സൊഹം കിട്ടിയിട്ടുള്ളൂ ” എന്നാണ് ഉമ്മാച്ചുവിന്റെ മറുപടി. ഇതിൽ നിന്നും മായനോടുള്ള അടങ്ങാത്ത പ്രണയം വ്യക്തമാണ്. ബീരാന്റെ കൂടെ ജീവിക്കുമ്പോഴും മകനെ പ്രസവിച്ചിട്ടും മായനെ മറക്കാൻ ഉമ്മാച്ചു തയ്യാറായില്ല. കാമുകിയെ സ്വന്തമാക്കുന്നതിന് ഒരു കൊലപാതകി ആവേണ്ടി വന്നതിലെ വേദന ഭാവിയെയും വർത്തമാനത്തെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ മായന് സാധ്യമായില്ല. പ്രണയിനിയെ സ്വന്തമാക്കണമെന്ന ആഗ്രഹം മാത്രമേ മായനുണ്ടായിരുന്നുള്ളൂ. അത് സൃഷ്ടിച്ചേക്കാവുന്ന സംഘർഷം ഇത്രയും ഭീകരമാണെന്നത് യാഥാർത്ഥ്യത്തിലേക്ക് വന്നപ്പോൾ മാത്രമാണ് കാല്പനിക മനസ്സുള്ള മായന് തിരിച്ചറിയാനായത്. ഉമ്മാച്ചുവിന്റെ മനസ്സറിയാൻ ബീരാനും സാധിച്ചില്ല. മായന്റെ കാമുകിയായി അദ്ദേഹത്തെ വിവാഹം കഴിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചവളാണ് ഉമ്മാച്ചു. വർഷങ്ങൾ ഒപ്പം ജീവിച്ചിട്ടും ബീരാനെ പൂർണ്ണമായി ഉൾക്കൊള്ളാനും മായനെ മറക്കാനും ഉമ്മാച്ചുവിന് സാധിക്കുന്നുമില്ല. ഇതിൽ രാഷ്ട്രീയമുണ്ട്, ജാതി ചിന്തയുണ്ട്, പ്രണയമുണ്ട്, പ്രണയരാഹിത്യമുണ്ട്. അതിനേക്കാളുപരി പൊന്നാനിയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട വടക്കൻ കേരളത്തിലെ സാമൂഹ്യ ജീവിതമാണ് പ്രതിപാദ്യം. മായന്റേയും ബീരാന്റേയും ഉമ്മാച്ചുവിന്റേയും ചാപ്പുണ്ണി നായരുടേയും കുടുംബ ചരിത്രങ്ങൾ മലബാറിലെ ഹിന്ദു മുസ്ലിം സമുദായത്തിന്റെ ചരിത്രം കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…