സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അപരിചിതൻ


ഗ്രീന ഗോപാലകൃഷ്ണന്‍


കത്തുന്ന വെയിൽ പെയ്യുന്നൊരു പരുപരുത്ത പകലിന്റെ
നിശ്ചലദൃശ്യം..! അയാൾ തന്റെ കാൽ ശക്തിയിലൊന്നു കുടഞ്ഞ് വലിച്ചൂരാൻ ശ്രമിച്ചു നോക്കി. വിരുദ്ധധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്ന രണ്ട് പാളങ്ങളുടെ സംഗമസ്ഥാനങ്ങൾക്കിടയിലേക്ക് കാലൊന്നു കൂടി ഞെരിഞ്ഞു ചേർന്ന് അയാൾക്ക് നന്നേ വേദനിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

ഏകദേശം അറുനൂറ് മീറ്ററോളമടുത്തുള്ളൊരു വളവിനുമപ്പുറം സ്റ്റേഷനിൽ തീവണ്ടി അനൗൺസ് ചെയ്യുന്ന ശബ്ദം. ട്രാക്കിന്റെ ഇരുവശത്തേക്കും നീണ്ടു പരന്ന്, കൃഷി നശിച്ച് ഏതാണ്ട് ആൾപ്പൊക്കത്തോളം പുല്ല് വളർന്ന പാടശേഖരങ്ങളിൽ മേയുന്ന പശുക്കൾ ..! അയാളൊന്ന് അലറി വിളിച്ചു നോക്കി. ഇല്ല ആരുമില്ല..! ഇനി നന്നേ വെയിൽ താണു കഴിഞ്ഞിട്ടാവും പുല്ലറുക്കാൻ സ്ത്രീകളെത്തുക. ട്രാക്ക് കടന്ന് അപ്പുറത്തുള്ള പെരുന്തോട്ടിൻ കരയിലൂടെ നടന്നാൽ ടൗണിന്റെ തെക്കുഭാഗത്തുള്ള ഗുരുമന്ദിരത്തിന്റെ സമീപത്തെത്താം. അത് അന്നാട്ടുകാർക്ക് ടൗണിലേക്കുള്ളൊരു കുറുക്കുവഴിയാണ്. ഗുരുമന്ദിരത്തിന് സമീപത്തുള്ള ദേശസാൽക്കൃത ബാങ്കിന്റെ ശാഖയായിരുന്നു അയാളുടെ ലക്ഷ്യം. ഇന്ന് ഫീസടച്ചില്ലെങ്കിൽ മകൾ ഹോസ്റ്റലിൽ നിന്നു പുറത്താകും. ഫീസടയ്ക്കേണ്ട അവസാന ദിനമാണിന്ന്. ഇനി പുറത്തായാൽ കോളേജിലേക്കില്ലെന്ന് അവൾ കഴിഞ്ഞ തവണ കട്ടായം പറഞ്ഞിരുന്നതാണ്. പോക്കറ്റിൽ നിന്ന് പൈസയെടുത്ത് ഒന്നുകൂടി എണ്ണിത്തിട്ടപ്പെടുത്തുമ്പോൾ അയാൾ വിയർത്ത് കുളിച്ചിരുന്നു. രണ്ടാമത്തെ അനൗൺസ്മെന്റും സ്റ്റേഷനിൽ ഉയർന്നു കേട്ടപ്പോൾ അയാളുടെ ശരീരത്തിലേക്ക് ഒരു വിറയൽ പടർന്നു കയറി.

” എന്നെ ബലമായി പിടിച്ചുകൊണ്ട് കാൽ ഊരിയെടുക്കാൻ നോക്കൂ ”

സാധിക്കുമെന്ന വിശ്വാസം നിറഞ്ഞിരുന്നു ആ യുവാവിന്റെ ശബ്ദത്തിൽ. ആ മനുഷ്യനെ അനുസരിച്ച് , ആശ്രയിച്ച് അയാൾ മൂന്നാല് തവണ കാൽ വലിച്ചൂരാൻ ശ്രമിച്ചു. പരാജയപ്പെട്ട് അയാളെ ദയനീയമായി നോക്കി. ഒലിച്ചിറങ്ങിയ വിയർപ്പിനൊപ്പം അയാളുടെ മുഖത്തെയും കണ്ണുകളിലെയും രക്തവും കൂടി വാർന്നു പോയി. എന്നിട്ടും സർവ്വശക്തിയുമെടുത്ത് അയാൾ ഒന്നുകൂടി ശ്രമിച്ചു.ഇരുവരും ചേർന്ന് വീണ്ടും വീണ്ടും ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ടിരുന്നു. പിന്നീടയാൾ അനന്തമായ ട്രാക്കിലേക്ക് മിഴികൾ പായിച്ച് നിശ്ചലനായി നിന്നു. മൂന്നാമത്തെ അനൗൺസ്മെന്റും സ്റ്റേഷനിൽ ഉയർന്നത് കേട്ട് അയാൾ കണ്ണടച്ചൊന്ന് ദീർഘമായി നിശ്വസിച്ചു.

” ഒരു സഹായം ചെയ്യുമോ..മോടെ അക്കൗണ്ടിലേക്ക് ഈ പൈസയൊന്നിട്ടുകൊടുക്കാമോ.. ഇന്ന് തന്നെ വേണ്ടതാണ് ”

പൈസയും ഒരു തുണ്ടുകടലാസും അയാൾ യുവാവിന്റെ നേരേ നീട്ടി. അയാളത് വാങ്ങാതെ ട്രാക്കിന്റെ ഇരുവശത്തേക്കും പടർന്ന മെറ്റിൽക്കുനയിലൂടെ മുമ്പോട്ട് ഓടിയൊരു റെയിൽ കഷണം വലിച്ചിഴച്ച് അയാൾക്കരികിലെത്തുമ്പോൾ ഒരു ദീർഘദൂര ഓട്ടക്കാരനേപ്പോലെ കിതയ്ക്കുന്നുണ്ടായിരുന്നു ആ യുവാവ്. ട്രാക്കിന്റെ വിടവിലേക്ക് ആ റെയിൽക്കഷണം കുത്തിയിറക്കാൻ അയാളും സഹായിച്ചു.ട്രെയിൻ കടന്നു പോയപ്പോൾ വശങ്ങളിൽ ഉയർന്നു നിന്ന കാളപ്പുല്ലിൽ പിടിച്ചു നിന്ന് അയാൾ കരയുകയും ചിരിക്കുകയും ചെയ്തു. വായു തീരെ കുറവുള്ളൊരു പ്രദേശത്താണയാൾ നിൽക്കുന്നതെന്ന് തോന്നി. യുവാവ് മറ്റെന്തോ ആലോചിച്ചൊരു സിഗരറ്റ് പുകച്ചുകൊണ്ടിരുന്നു.

” മോനേതാ…ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ.. ഇവിടെന്തിനു വന്നതാ…? ”
ആഞ്ഞൊരു പുകയെടുത്ത് ഊതി പറപ്പിച്ച് അലക്ഷ്യമായിട്ടാണ് യുവാവ് മറുപടി പറഞ്ഞത്

” ഞാനീ പോയ വണ്ടിക്ക് തല വെയ്ക്കാൻ വന്നതാ”

അവർക്കിടയിൽ പുക പിന്നെയും പിന്നെയും വെളുത്ത മതിൽ പണിത് മുകളിലേക്കുയർന്നുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…