സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രാമചന്ദ്രൻ

വിനോദ് വിയാർ

           

വീണ്ടും അതേ അവസ്ഥ, അപരിചിതമായ നമ്പർ കണ്ടപ്പോഴേ തോന്നി. ഏതോ ഒരു രാമചന്ദ്രനെ അന്വേഷിച്ച് രണ്ടു മൂന്ന് ദിവസമായി മൊബൈൽ ഫോൺ കരയുന്നു; അല്ലെങ്കിൽ കരയിക്കുന്നു, ആരൊക്കെയോ ചേർന്ന്…

ആദ്യം ഒരു മാധവി ടീച്ചർ, പിന്നെ ജേക്കബ്ബ്, ശ്രീധരൻ, കനകമ്മ… മൂന്നും നാലും പ്രാവശ്യം അവരിങ്ങനെ വിളിച്ച് ശല്യപ്പെടുത്തുന്നു. ഞാൻ അയാളല്ല എന്നെത്രയോ പ്രാവശ്യം പറഞ്ഞു.  നിൻ്റെ കളി കൈയിലിരിക്കട്ടെ രാമചന്ദ്രാ എന്നു പറഞ്ഞ് അവർ ചിരിക്കുന്നു. ആ ചിരിയിൽ ഏറെക്കാലത്തെ പരിചയം തഴമ്പിച്ചിരിക്കുന്നു, രാമചന്ദ്രനുമായുള്ള പരിചയം.

ഇന്നും…

‘രാമചന്ദ്രനല്ലേ?’

‘അല്ലല്ലോ.’ എൻ്റെ പല്ലുകൾക്കിടയിൽ ദേഷ്യം ഞെങ്ങിയമർന്നു.

‘പിന്നെ നിങ്ങളാരാ?’

‘ഞാൻ ദീപേഷാണ്.’

‘ദീപേഷോ…’ ഒരു നിരാശ ചെവിയിലേക്ക് വന്ന് കുത്തി. ‘അതെ, ദീപേഷ്. നിങ്ങൾക്ക് നമ്പര് തെറ്റിപ്പോയി.’ അൽപനേരം അപ്പുറത്ത് മൗനമായിരുന്നു.

‘ഹേയ്… അല്ലല്ല, നീ രാമചന്ദ്രൻ തന്നെയാ.’ പെട്ടെന്ന് അപ്പുറത്തെ ശബ്ദത്തിന് ജീവൻ തിരിച്ചുകിട്ടിയ പോലെ തോന്നി. ആഞ്ഞടിക്കുന്ന തിരമാലകളുടെ ഊർജ്ജം ആവാഹിച്ച പോലെ അതെൻ്റെ ചെകിടിൽ വന്നടിക്കുന്നു.

‘എടാ ഇത് ഇട്ടിയാടാ. ചിറവിളുമ്പേലെ ഇട്ടി.’

‘ഏത് ഇട്ടി! ഏത് ചിറവിളുമ്പേൽ! ഫോൺ വെക്കെടോ.’ ദേഷ്യം കൊണ്ട് തലച്ചോറ് മുങ്ങിപ്പോയി. ഫോൺ ദൂരേക്കെറിയാനാണ് തോന്നിയത്, കൈ അതിന് തുനിയുകയും ചെയ്തു. പക്ഷേ അതിനെ എന്തിന് പഴിപറയണം. അത് അതിൻ്റെ  ജോലി ചെയ്യുന്നു. മാസശമ്പളത്തിൽ നിന്ന് അഞ്ഞൂറ് വീതം കൂട്ടിവെച്ച് ഇഷ്ടപ്പെട്ടു വാങ്ങിയതാണ് ഈ ഫോൺ. ഏതോ ഒരു രാമചന്ദ്രനോടുള്ള ദേഷ്യത്തിൽ അത് വലിച്ചെറിഞ്ഞ് കളയാനൊക്കുമോ. ഈ സമയം ആ രാമചന്ദ്രനെ എങ്ങാനും കൈയിൽ കിട്ടിയിരുന്നെങ്കിൽ തവിടുപൊടിയാക്കിയേനെ. അത്രയ്ക്കരിശം എനിക്കുണ്ടായിരുന്നു. രണ്ടു മൂന്ന് ദിവസമായി ഭ്രാന്ത് പിടിച്ചവനെപ്പോലെയാണ്. പരിചയക്കാരുടെ കോളുകൾക്ക് പോലും നല്ല രീതിയിൽ പ്രതികരിക്കാൻ കഴിയുന്നില്ല. രാമചന്ദ്രൻ… രാമചന്ദ്രൻ… ആ പേര് കേട്ട് കേട്ട് ചെവി ഒരു വഴിയായി. എന്നിട്ടും ഇതിനൊരവസാനമില്ല.

ഉച്ചതിരിഞ്ഞ് മാധവി ടീച്ചർ വീണ്ടും വിളിച്ചു

‘എന്താ രാമചന്ദ്രാ പണിക്കു വരാത്തെ?’

‘ഞാൻ രാമചന്ദ്രനല്ല. ദീപേഷാണ്.’

‘നിൻ്റെ  കള്ളത്തരം അങ്ങ് മനസ്സിലിരിക്കട്ടെ. കട്ടള കെട്ടി നിർത്തീട്ട് കാലമെത്രായി. നീ വന്നെങ്കിലേ മേളിലേക്കുള്ള കെട്ട് നടക്കൂ. നാളെ വരുവോ?’

‘ഞാൻ ദീപേഷാണ്.’

‘പോടാ, നീ ഇങ്ങനെ എത്രകാലം പേരു മാറ്റിപ്പറഞ്ഞ് പറ്റിക്കും. ചേട്ടനടുത്താഴ്ച ഗൾഫീന്ന് വരുന്നുണ്ട്. അതിനുള്ളിൽ ഷെയ്ഡ് എങ്കിലും വാർത്തേ പറ്റൂ.’

‘ഞാൻ….’ ഫോൺ കട്ടു ചെയ്തതോടൊപ്പം സ്വിച്ച് ഓഫ് ചെയ്തു പോക്കറ്റിലിട്ടു.

രാമചന്ദ്രൻ – ആ പേര് എൻ്റെ  ഉള്ളിലെ ദേഷ്യത്തി ൻ്റെ മാടപ്പുരയിൽ കത്തിയെരിയുന്നു.

ശരിക്കും ഞാൻ ദീപേഷാണോ! അതോ രാമചന്ദ്രനോ! 

അല്ല ഞാൻ ദീപേഷാണ്. പച്ചക്കറിക്കടക്കാരൻ മത്തായി എന്നെ നോക്കി ചിരിക്കുന്നു. എന്തുണ്ട് ദീപേഷേ വിശേഷം – കുശലം ചോദിക്കുന്നു. അമ്മുക്കുട്ടി, അമ്മായിയുടെ മകൾ ‘ദീപേഷേട്ടാ’ എന്നല്ലേ രാവിലെ വിളിച്ചത്. എല്ലാവരും ദീപേഷേ എന്നുവിളിക്കുന്നു. അതെ, ഞാൻ ദീപേഷാണ് രാമചന്ദ്രനല്ല. പക്ഷേ മൊബൈൽ ഫോൺ മാത്രം എന്നെ രാമചന്ദ്രാ എന്നുവിളിക്കുന്നു. ആരൊക്കെയോ നിർബന്ധിച്ച്  അതിനെക്കൊണ്ട് വിളിപ്പിക്കുന്നു. മാധവി ടീച്ചർ, ജേക്കബ്ബ്, ശ്രീധരൻ, കനകമ്മ, ഇട്ടി ഇനിയും ലിസ്റ്റുകൾ പെരുകിയേക്കാം.

വൈകിട്ട് ഫോൺ ഓണാക്കിയ നേരത്ത് ഇട്ടിയുടെ ശബ്ദമാണ് എന്നെ സ്വീകരിച്ചത്. ‘മൊബൈലും ഓഫ് ചെയ്ത് വെച്ചിട്ട് നീയവിടെ എന്തു ചെയ്യുവാ രാമചന്ദ്രാ. കുത്തിക്കുത്തി വെരല് പകുതിയായി.’

‘ഞാൻ രാമചന്ദ്രനല്ല.’

‘നല്ല കാര്യമായിപ്പോയി. ഒന്നുപോടാ…. ഇന്നു വൈകിട്ട് പുഴക്കരേൽ എത്തിക്കോണം. നിൻ്റെ  ഫേവറിറ്റ് മിലിട്ടറി സാധനം ശരിപ്പെടുത്തി വെച്ചിട്ടുണ്ട്.’

‘ഞാൻ ദീപേഷാണ്.’

‘വൈകിട്ടെത്താൻ മറക്കണ്ട.’

ഞാൻ പറയുന്നത് അസത്യങ്ങളായി മാറുന്നു. ഞാൻ ദീപേഷല്ല എന്ന് അവർ പറയുന്നു. രാമചന്ദ്രനാണെന്ന് വിശ്വസിക്കുന്നു. മാധവി ടീച്ചർക്ക് വീടിൻ്റെ  പണി തീർത്തുകൊടുക്കണം. ജേക്കബ്ബിൻ്റെ  ലോണിന് ജാമ്യം നിൽക്കണം. ശ്രീധര ൻ്റെ വീടിൻ്റെ  രണ്ടാം നിലയിലെ ചോർച്ച മാറ്റണം. കനകമ്മയുടെ കുഞ്ഞിന് ഒരച്ഛനെ വേണം. ഇട്ടിക്ക് സ്മോളടിക്കാൻ കമ്പനിയാവണം. എന്നിലില്ലാത്ത എന്തിനൊക്കെയോ വേണ്ടി അവർ മുറവിളി കൂട്ടുന്നു.

അന്നുരാത്രി തീരെയുറങ്ങിയില്ല. പുറത്ത് വയലിൻ വായിച്ച് മദിക്കുന്ന മഴയുടെ ശബ്ദങ്ങൾക്ക് കാതോർത്തു കിടന്നു. ഉള്ളിൽ രാമചന്ദ്രൻ പുകയുന്നു. ആരുടെയൊക്കെയോ പരിചയക്കാരൻ! ഇപ്പോൾ എന്റേയും! ഒരു തവണ പോലും കാണാതെ അയാൾ എൻ്റെ  പരിചയക്കാരനായിരിക്കുന്നു.

അതിരാവിലെ തന്നെ രാമചന്ദ്രനെ അന്വേഷിച്ച് ശബ്ദമെത്തി. ഒരു പുതിയ ശബ്ദം!

‘ഹലോ രാമചന്ദ്രനല്ലേ?’

‘അതെ രാമചന്ദ്രനാണല്ലോ.’

‘ഞാൻ ദേവപ്പനാണ്. നിങ്ങൾ രാമചന്ദ്രൻ തന്നെയല്ലേ?’

‘എന്താ സംശയം, ഞാൻ രാമചന്ദ്രൻ തന്നെയാണ്.’

‘ശരിക്കും… ‘

‘അതെ. ഞാനാണ് രാമചന്ദ്രൻ.’

‘സത്യം തന്നെയല്ലേ നിങ്ങൾ പറയുന്നത്.’

‘സത്യമായിട്ടും ഞാനാണ് രാമചന്ദ്രൻ.’

ദേവപ്പൻ്റെ പുതിയവീടിന് അസ്ഥിവാരം കെട്ടാൻ നേരത്തേയെത്താമെന്ന് സമ്മതിച്ച് ഫോൺ വെച്ചു.

അല്പം കഴിഞ്ഞ് മാധവി ടീച്ചർ വിളിച്ചു.’നീ എന്നാ വരുന്നെ?’

‘ഞാൻ നാളെത്തന്നെ പണിക്കെത്തും. ചേട്ടൻ വരുന്നതിന് മുമ്പ് ഷെയ്ഡ് വാർത്തിരിക്കും തീർച്ച.’

മാധവി ടീച്ചർക്ക് വല്ലാത്ത സന്തോഷം. ഉച്ചയ്ക്കെപ്പോഴോ ഇട്ടിയും വിളിച്ചു. ‘ഇന്നു വൈകിട്ടെങ്കിലും നീ വരില്ലേ?’

‘ഇന്നെന്തായാലും വരും. ഇട്ടിച്ചായനെല്ലാം റെഡിയാക്കിക്കോ.’

‘ഒറപ്പ്…’

‘ഒറപ്പായും എത്തിയിരിക്കും.’ 

ഇട്ടി ഉച്ചത്തിൽ ചിരിച്ചു.

ഫോണും പോക്കറ്റിലിട്ട് നടക്കാൻ തുടങ്ങിയ എന്നെ ഒരാൾ കൈകൊട്ടി വിളിച്ചു ‘ദീപേഷേ ഒന്നു നിന്നേ.’ അയാൾ ചിരിച്ചു കൊണ്ട് അടുത്തെത്തി. ‘ഏത് ദീപേഷ്! ഞാൻ രാമചന്ദ്രനാണ്.’ അത് പറഞ്ഞപ്പോൾ ആ ചിരി വിളരുന്നത് ഞാൻ ശ്രദ്ധിച്ചു. അയാളുടെ അന്ധാളിപ്പിൽ നിന്ന് പിൻവലിഞ്ഞ് ദൂരെ മലഞ്ചെരിവിലെ തണലിലേക്ക് നടക്കുമ്പോൾ എൻ്റെ  മനസ്സ് പ്രക്ഷുബ്ധമായിരുന്നു.

മാധവി ടീച്ചറുടെ വീടിൻ്റെ  പണി തീർക്കണം. ജേക്കബ്ബിൻ്റെ ലോണിന് ജാമ്യം നിൽക്കണം. ശ്രീധരൻ്റെ  വീടിൻ്റെ  രണ്ടാം നിലയിലെ ചോർച്ച മാറ്റണം. കനകമ്മയുടെ കുഞ്ഞിൻ്റെ  അച്ഛനാവണം. ഇട്ടിയ്ക്ക് സ്മോളടിക്കാൻ കമ്പനി നൽകണം. ദേവപ്പൻ്റെ പുതിയ വീടിൻ്റെ    അസ്ഥിവാരത്തിൽ പാറയടുക്കണം. ഇനിയും എത്രയോ വിളികൾ വരാനിരിക്കുന്നു! എല്ലാം തീർത്തു കൊടുക്കാൻ ഈ ജന്മം മതിയാകുമോ!!!

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…