സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പൊട്ടിപ്പെണ്ണ്

ആൻറ്റൺ ചെക്കോവ്


വിവർത്തനം: ശ്രീവിദ്യ സുബ്രഹ്മണ്യൻ .

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ എന്റെ മക്കളുടെ ആയ ജൂലിയയെ മുറിയിലേക്ക് വിളിപ്പിച്ചു.

“ഇരിക്കൂ ജൂലിയ. നിന്റെ ശമ്പളം കണക്ക് തീർത്തു തരാമെന്ന് കരുതി വിളിച്ചതാണ്. നിനക്ക് പണത്തിന് എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും നീ ചോദിക്കില്ലല്ലോ. ഒരു മാസം മുപ്പത് റൂബിൾ ആയിരുന്നല്ലോ നമ്മൾ പറഞ്ഞുറപ്പിച്ച ശമ്പളം…”

“നാല്പത് “

“അല്ല മുപ്പത്. ഞാൻ എഴുതിവെച്ചിട്ടുണ്ട്.
നിനക്ക് മുമ്പ് വന്നിട്ടുള്ളവർക്കും ഞാൻ മുപ്പത് റൂബിളായിരുന്നു കൊടുത്തുകൊണ്ടിരുന്നത്. നീയീപ്പോൾ ഇവിടെ വന്നിട്ട് രണ്ട് മാസമായല്ലൊ എന്നോർത്തപ്പോൾ…”

“രണ്ട് മാസവും അഞ്ച് ദിവസവും.”

“കൃത്യം രണ്ട് മാസം. ഞാൻ പ്രത്യേകം കുറിച്ചിട്ടിട്ടുണ്ട്. അതായത് അറുപത് റൂബിൾ ഞാൻ നിനക്കു തരണം. അതിൽനിന്നു ഒൻപതു ഞായറാഴ്ചകൾ വെട്ടിക്കുറയ്ക്കണം. പിന്നെ മൂന്ന് അവധി ദിവസങ്ങളും…”

ജൂലിയ വിളറിവെളുത്ത് ഒരക്ഷരംപോലും മിണ്ടാതെ നിന്നു.

“മൂന്ന് അവധി ദിവസങ്ങൾക്ക് പന്ത്രണ്ട് റൂബിൾ ഞാൻ കുറയ്ക്കുന്നു. കോലിയ നാലു ദിവസം സുഖമില്ലാതെ കിടന്നതിനാൽ വാനിയക്ക് മാത്രമാണ് നീ ക്ലാസ്സെടുത്തത്. മൂന്ന് ദിവസം നിനക്ക് സുഖമില്ലാതിരുന്നതിനാൽ ഉച്ച കഴിഞ്ഞു ജോലി ചെയ്യേണ്ട എന്ന് എന്റെ ഭാര്യ പറഞ്ഞിരുന്നു. പന്ത്രണ്ടും ഏഴും…പത്തൊൻപത്.. അത് കുറച്ചാൽ നാൽപത്തിയൊന്ന് റൂബിൾ. ശരിയല്ലേ ജൂലിയ?

ജൂലിയയുടെ കണ്ണുകൾ കലങ്ങി നിറഞ്ഞു. ചുണ്ടുകൾ വല്ലാതെ വിറയ്‌ക്കുകയും അവൾ കരച്ചിലിന്റെ വക്കിലെത്തുകയും ചെയ്തു.

പക്ഷെ, അപ്പോഴും അവൾ ഒരു വാക്കുപോലും ഉരിയാടിയില്ല.

“നീ ഒരു കപ്പും സോസറും പൊട്ടിച്ചിരുന്നത് ഓർമ്മയുണ്ടല്ലോ ? ആ വകയിലേക്ക് രണ്ട് റൂബിൾ കുറയ്ക്കുന്നു. കപ്പ് വളരെ വിലയേറീയതായിരുന്നു. എങ്കിലും പോട്ടെ. പിന്നെയൊരു ദിവസം നിന്റെ അശ്രദ്ധ മൂലം കോലിയ മരത്തിൽ കയറി കുപ്പായം കീറിയത് ഓർമയുണ്ടല്ലോ, അല്ലെ? പത്ത് റൂബിൾ അതിലേക്ക് വകയിരുത്തുന്നു. വീണ്ടും നീ ശ്രദ്ധിക്കാതിരുന്നതു കാരണം വാനിയയുടെ ചെരിപ്പുകൾ വേലക്കാരി മോഷ്ടിച്ച് കൊണ്ടുപോയി. ഇതെല്ലാം നീ വേണ്ടതുപോലെ ശ്രദ്ധിക്കേണ്ടതല്ലേ? അല്ലെങ്കിൽ നീയതിന് വില കൊടുക്കേണ്ടിവരുമെന്ന് അറിയില്ലേ? അഞ്ച് റൂബിൾ കുറയ്ക്കുന്നു. ജനുവരി പത്തിന് നിനക്ക് ഞാൻ പത്ത് റൂബിൾ കടം തന്നിരുന്നു.”

“ഇല്ല.” ജൂലിയ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“പക്ഷേ ഞാനതും കുറിച്ചിട്ടിട്ടുണ്ട്.”

“ഓ… ശരി.”

“നാല്പത്തിയൊന്നിൽനിന്ന് ഇരുപത്തിയേഴു കുറച്ചാൽ ബാക്കി പതിനാല്.”

ജൂലിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവളുടെ ഭംഗിയുള്ള മൂക്ക് ആകെ ചുവന്നിരുന്നു. പാവം കുട്ടി!

“എനിക്കാകെ ഒരു തവണയേ അങ്ങ് പണം തന്നിട്ടുള്ളു…” വിതുമ്പുന്ന സ്വരത്തിൽ അവൾ പറഞ്ഞു, “അങ്ങയുടെ ഭാര്യയാണ് തന്നത്. വെറും മൂന്ന് റൂബിൾ…”

“ഓ… അങ്ങനെയും ഉണ്ടായൊ? ഞാനത് കുറിച്ചിടാൻ മറന്നല്ലോ. പതിനാലിൽനിന്ന് മൂന്നു കുറച്ചാൽ ബാക്കി പതിനൊന്ന്…. ഇതാ, നിന്റെ പണം… “

ഞാൻ പതിനൊന്ന് റൂബിൾ അവൾക്കു നീട്ടി. “മൂന്ന്, മൂന്ന്, മൂന്ന്, ഒന്ന്, ഒന്ന്. ഇതാ , എടുത്തോളൂ…”

വിറയ്ക്കുന്ന കൈകളോടെ അവൾ ആ നാണയങ്ങൾ കുപ്പായത്തിന്റെ പോക്കറ്റിൽ തിരുകി.

“ദയവുണ്ടാകണം” വിറച്ചുകൊണ്ട് ജൂലിയ അപേക്ഷിച്ചു.

ഞാൻ ചാടിയെണീറ്റു മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. കോപംകൊണ്ടു ഞാൻ പൊട്ടിത്തെറിച്ചു.

“എന്തിനാണ് നീ കെഞ്ചുന്നത്?”

“പണത്തിന് വേണ്ടി.”

“നിനക്കറിയില്ലേ ഞാൻ നിന്നെ ചതിച്ചതാണെന്ന് ? ഞാൻ നിന്നെ കൊള്ളയടിക്കുകയല്ലേ ചെയ്തത്? പിന്നെയും എന്തിനാണ് നീ കെഞ്ചുന്നത്?”

“മറ്റു പല വീടുകളിൽനിന്നും എനിക്ക് ഒന്നും തന്നെ കിട്ടിയിരുന്നില്ല.”

“ഓഹോ… ഒരു നാണയംപോലും തരാത്തവരും ഉണ്ടല്ലേ? ഒരു അതിശയവും ഇല്ല! നിനക്ക് കിട്ടേണ്ടതൊക്കെ നീ തന്നെ ചോദിച്ചു വാങ്ങണം. അത് നിന്നെ പഠിപ്പിക്കാനാണു ഞാൻ ഈ ക്രൂരമായ തമാശ കാണിച്ചത്. നിന്റെ മുഴുവൻ ശമ്പളവും ഞാൻ തരും. നിന്റെ എൺപതു റൂബിളും ഞാൻ ഇവിടെ മാറ്റിവെച്ചിട്ടുണ്ട്. ഒരാൾ ഇത്രമാത്രം ഭീരുവാകുന്നത് എങ്ങനെയാണ് ? നിന്നോട് നീതികേടു കാട്ടിയിട്ടും നീയെന്താണ് കുട്ടീ മിണ്ടാതിരുന്നത്? എന്തേ പ്രതിഷേധിച്ചില്ല? ഇങ്ങനെയൊരു ലോകത്തു പല്ലും നഖവുമില്ലാതെ, ഒരു വെറും പൊട്ടിപ്പെണ്ണായി ജീവിക്കാൻ കഴിയുമെന്ന് നീ കരുതുന്നുണ്ടോ?

നന്ദിയോടെ ജൂലിയ മന്ദഹസിച്ചു. “അങ്ങനെയും ജീവിക്കാൻ സാധിക്കും” എന്നാണവൾ പറയാതെ പറഞ്ഞതെന്ന് ആ പുഞ്ചിരിയിലൂടെ എനിക്ക് മനസ്സിലായി.

ഞാൻ പഠിപ്പിച്ച ക്രൂരമായ പാഠത്തിന് ഞാൻ അവളോട് മാപ്പു പറഞ്ഞു. അവൾക്കു കൊടുക്കേണ്ട എൺപതു റൂബിളും നൽകി.

“എന്നോട് ദയ കാട്ടിയല്ലോ ” എന്ന് പലതവണ മന്ത്രിച്ചുകൊണ്ട് അവൾ മുറിവിട്ടിറങ്ങി.

ആ പോക്ക് നോക്കിനിൽക്കുമ്പോൾ ഞാൻ ഓർത്തു, “ഈ ലോകത്ത്‌ പാവങ്ങളെ ചൂഷണം ചെയ്യാൻ എത്രയെളുപ്പമാണ്!”

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…