സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വാടിയ ആസ്റ്റർ പൂക്കൾ

വെയിൽ എന്നത്തേതും പോലെ റോഡിനെ ചുട്ടുപൊള്ളിക്കാൻ തുടങ്ങി, പള്ളിയിൽ നിന്നും നൊവേന കഴിഞ്ഞെത്തുന്ന ആളുകൾ വിയർപ്പാറ്റി മേരിക്കുട്ടിയുടെ സർബത്ത് കടയുടെ ഓരത്തേക്കു ചേർന്നുനിന്നു.
ചില വ്യാഴാഴ്ചകൾ ഇങ്ങനെയാണ്…. യൂദാ പള്ളിയിൽ നിന്നും പ്രാർത്ഥന എത്തിച്ചു മടങ്ങുന്ന ആളുകളുടെ തിരക്കാണ് മേരിക്കുട്ടിയുടെ ഇടക്കാലാശ്വാസം. റോഡിന്റെ നാലും കൂടിയ ജംഗ്ഷനിൽ ഒരു മുറുക്കാൻ പീടിക തരപ്പെടുത്തിയിട്ട് ഒന്നോ രണ്ടോ വർഷങ്ങൾ ആയിട്ടുള്ളു. തകര ഷീറ്റ് കൊണ്ട് തട്ടിക്കൂട്ടിയ സാമാന്യം ഭേദപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന മുറുക്കാൻ പീടികയും മേരിക്കുട്ടിയും നാട്ടുകാർക്ക് സുപരിചിതമാണ്.

” പാൻപരാഗുണ്ടോ ചേച്ചി.??? “

ട്രേയിൻ നിരത്തി വച്ചിരിക്കുന്ന കുപ്പി ഗ്ലാസുകളിലേക്ക് സർബത്ത് പകർത്തുന്ന മേരിക്കുട്ടിയെ നോക്കി ഓട്ടോക്കാരൻ ജോമോന്റെ ചോദ്യം.

” നട്ടുച്ചയ്ക്ക് പാൻപരാഗും വാങ്ങി തിന്നാതെ വല്ല തണ്ണിമത്തൻ ജ്യൂസും വാങ്ങി കുടിക്കെന്റെ ജോമോനെ.”

അഴയിൽ കിടന്ന പാൻപരാഗ് മാല വലിച്ചെടുത്ത് അതിൽ നിന്ന് ഒരെണ്ണം മുറിച്ച് ജോമോന് നേരേ നീട്ടി മേരിക്കുട്ടി ചിരിച്ചു.

” വിഷം വിൽക്കേം ചെയ്യും എന്നിട്ട് ന്യായീകരിക്കുന്നോ? “

ജോമോൻ തമാശ മട്ടിൽ ചിറികോട്ടി.

” ഡാ ജോമോനെ എനിക്കൊരു സിസർ ഫിൽറ്ററും അബിക്കൊരു ഹാൻസും വാങ്ങിച്ചോ…വൈകിട്ട് കാശു തരാം “

മുൻനിരയിൽ കിടക്കുന്ന ഓട്ടോയിലേക്ക് തള്ളിയിരുന്നു പുറത്തേക്ക് തല എത്തിച്ച് പ്രവീൺ വിളിച്ചു കൂവി.

” അതങ്ങ് പള്ളി പറഞ്ഞാൽ മതി വാങ്ങിക്കാൻ കാണിക്കുന്ന ഉത്സാഹം തരാൻ നേരത്തില്ലല്ലോ .”

വായിലേക്ക് ചൂണ്ടുവിരൽ ആഴ്ത്തി അടിച്ചുണ്ടിൽ തിരുകിയ ഹാൻസിന്റെ ഉണ്ട പുറത്തേക്ക് തുപ്പി…കയ്യിലിരുന്ന പാൻപരാഗിന്റെ കവർ പൊട്ടിച്ചു വായിലേക്ക് കുടഞ്ഞ് ജോമോൻ അത്ര വ്യക്തതയില്ലാതെ പുലമ്പി.

” കാശ് എത്രയാ ?”

കയ്യിലിരുന്ന സർബത്തിന്റെ ഒഴിഞ്ഞ കുപ്പി ഗ്ലാസ് ട്രെയിലേക്ക് തിരികെ വെച്ച് ഞാൻ മേരിക്കുട്ടിയെ നോക്കി.

” അഞ്ചു രൂപ “

ചുമലിൽ നിന്ന് ഊർന്നു വീഴുന്ന വെള്ളയിൽ ഇളം വയലറ്റ്പ്പൂക്കളുള്ള സാരി വലിച്ചു വയറിനു താഴെകുത്തി മേരിക്കുട്ടി പറഞ്ഞു. മേരിക്കുട്ടിയുടെ കണ്ണ് ദൈന്യതകൊണ്ട് നിറഞ്ഞിരുന്നു.ഒന്ന് ചിരിച്ചെന്നു വരുത്തി തിരക്കിനിടയിലേക്ക് ഊളിയിടുന്ന മേരിക്കുട്ടിയെ മനസ്സിലാക്കാൻ എനിക്കു വർഷങ്ങൾ വേണ്ടിവന്നു.
ഒരു ഡിസംബറിന്റെ തണുപ്പിൽ ജോണിക്കുട്ടിയുടെ കല്ലറയിൽ വെളുത്ത ആസ്റ്റർ പൂക്കൾ നിരത്തി മേരിക്കുട്ടി ഇരുൾ മൂടിയ ദിനങ്ങളെ ഓർത്തെടുത്തു.
കത്തിച്ചു പിടിച്ച മെഴുകുതിരിയിൽ നിന്നും തന്റെ വിരലുകളിലേക്ക് തിളച്ചൊഴുകുന്ന മെഴുകുതിരിയുടെ പൊള്ളുന്ന ചൂട് മേരിക്കുട്ടി അറിഞ്ഞതേയില്ല.
ഈ ചൂടിന് തീരെ കാഠിന്യമില്ലായെന്നവൾ ക്കറിയാം. നിറഞ്ഞ മാറിന്റ സമൃദ്ധിയിലേക്ക് കത്തുന്ന സിഗരറ്റ് കുറ്റി നക്കിയെടുക്കുന്ന കരിഞ്ഞ മാംസത്തിന്റെ ത്രസിപ്പിക്കുന്ന ഗന്ധത്തിൽ ഉന്മാദം കൊള്ളുന്ന ജോണിക്കുട്ടിയിലെ ലൈംഗിക വൈകൃതങ്ങൾക്ക് മുന്നിൽ പ്രതികരിക്കാതെ സ്വയം ഉരുകിയൊ ലിക്കുന്ന ഒരു മെഴുകു പ്രതിമയായിരുന്നോ താൻ.
കിടക്കയിൽ ഒരു മരപ്പാവകണക്കെ ചലനമറ്റു കിടക്കുന്ന തന്റെ അധരങ്ങൾ ജോണിക്കുട്ടിയുടെ ബീഡി കറപിടിച്ച ചുണ്ടുകൾക്കിടയിൽ നഷ്ടമാകുന്നതും, രതിവൈകൃതങ്ങളാൽ തിരയടങ്ങാത്ത ഒരു കടൽ പോലെ തന്നിലേക്കാഞ്ഞടിക്കുന്നതും ഒടുവിൽ തന്റെ മേൽ കാറിത്തുപ്പി വിയർത്തു കുഴഞ്ഞ ശരീരത്തെ മറികടന്ന് തിണ്ണയിൽ ഒറ്റയ്ക്കുറങ്ങുന്ന ജോണിക്കുട്ടി മനസ്സിൽ നിന്നും മായുന്നില്ല.
മൂന്നുമാസം പ്രായമായ മോനുട്ടനെ മാറത്തടുക്കി എത്ര വട്ടം തിരികെ പ്പോകാൻ ശ്രമിച്ചു . കെട്ടാത്ത കിണറ്റുകരയിൽ ചെന്നെ ത്തിനോക്കുമ്പോൾ പ്രായമാകാത്ത അനിയനും അനിയത്തിമാരും വയ്യാത്ത അപ്പനുമമ്മയുടേം ചിത്രം നിശ്ചലമായ ജലത്തിൽ തെളിഞ്ഞു നിൽക്കുമ്പോൾ പുറം കയ്യാൽ മുഖം തുടച്ചു എത്ര തവണ യെന്നറിയില്ല അടുക്കളക്കരിയിലേക്കോടിയൊളിച്ചത്
.
വേവിന്റെ വേദന ജോണിക്കുട്ടിക്കും അറിയാം. ഒരിക്കൽ തിളച്ചു തൂവുന്ന കഞ്ഞിക്കലത്തിന്റെ മേൽമൂടി മാറ്റുമ്പോൾ ജോണിക്കുട്ടിയുടെ പൊള്ളി വെന്ത വിരലുകളെ മേരിക്കുട്ടി നാവുകൊണ്ട് നനച്ചു.

“ഛീ…. എരണം കെട്ടവളെ “

വലത് കയ്യാൽ തന്റെ ഇടതു കവിളിൽ കിട്ടിയ പ്രഹരത്താൽ തളർന്നു, കണ്ണിൽ ഇരുട്ട് തിങ്ങി വായിൽ കിനിഞ്ഞ ചോരയുടെ ചുവപ്പ് കണ്ടു ഭയന്ന് തറയിലേക്ക് കമിഴ്ന്നു വീണതും ഒരു പേടിസ്വപ്നമായ്.
മോനൂട്ടനെ മൂന്നു മാസമായിരിക്കുമ്പോൾ ഒരു കിലോ നെയ്‌ച്ചാളയുമായി വീടെത്തിയ ജോണിക്കുട്ടിയോട്.

” ജോണിക്കുട്ടി…എനിക്കിതിന്റെ മണം പിടിക്കില്ലാട്ടോ ഒക്കാനം വരും “

വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയും മുൻപേ കവറിലെ വയറുപൊട്ടിയചാള തറയിലേക്ക് കുടഞ്ഞു കാല്പാദം കൊണ്ട് ചവിട്ടിക്കുഴച്ചു തന്നോടുള്ള ദേഷ്യം അടങ്ങാതെ മർദിച്ചതും പിന്നെ ഛർദിച്ച് അവശയായ തന്റെ മുഖത്തേക്ക് ചാളയുടെ അവശിഷ്ടം വലിച്ചെറിഞ്ഞ് ഇരുട്ടിലേക്കിറങ്ങിപ്പോയി ജോണിക്കുട്ടി.
ഒടുവിൽ,
കാർന്നു തിന്നുന്ന അർബുദതിന്റെ പിടിയിലമർന്നു, മരണത്തോടു ജയിക്കാനാകാതെ തളരുന്ന ജോണികുട്ടിയിൽ ഒരു മാറ്റം കണ്ടു.. കരയാൻ കണ്ണുനീരില്ലാതെ വിഷമിക്കുന്ന എന്നെ നോക്കി അവസാനമായി ജോണിക്കുട്ടി ചിരിച്ചു.

“ഞാൻ നിന്നെ സുഖിക്കാൻ വിടില്ലെടി …എന്റെ ലോകത്തേക്ക് നിന്നെയും കൊണ്ടു പോകും “

മേരിക്കുട്ടി
താഴത്തുവീട്ടിൽ

ജനനം -1961 മരണം – 2006

നവംബർ രണ്ടിന് അമ്മയുടെ കുഴിമാടത്തിൽ വച്ച വെള്ളആസ്റ്റർ പ്പൂക്കൾ വാരിമാറ്റി കയ്യിലിരുന്ന ആറു മെഴുകുതിരിയിൽ നിന്നും മൂന്നുതിരി അമ്മയ്ക്കും ബാക്കി പപ്പയ്ക്കും വേണ്ടി പകുത്തെടുത്തു വിതുമ്പുന്ന മോനൂട്ടനെ നെഞ്ചോട് ചേർത്തണച്ചു ബെന്നി. മക്കളില്ലാത്ത തനിക്കും ഭാര്യ ബെറ്റിക്കും പെങ്ങൾ മേരിക്കുട്ടി കാത്തുവച്ച നിധി.
രക്‌താർബുദം പിടിപെട്ടു ഒടുവിൽ ജോണിക്കുട്ടിയോടൊപ്പം യാത്രയായ എന്റെ സ്വന്തം മേരിമ്മ ആരോടും പറയാത്ത ചിലക്കാണാക്കഥകളുടെ ഭാണ്ഡം എന്നിൽ മാത്രം അവശേഷിപ്പിച്ചതെന്തിനാണെന്നറിയില്ല
ദാ….
ഇതെഴുതുമ്പോൾ മേരിമ്മ ഇളംനീല കണ്ണുകൾ വിടർത്തി എന്നെ നോക്കുന്നുണ്ട്‌
വെള്ളയിൽ ഇളം നീലപൂക്കൾ നിറഞ്ഞ സാരിയിൽ അവരെ കാണാൻ എന്നത്തേതിലും സുന്ദരിയായി തോന്നി.
വെളുത്ത് നനുത്ത ആസ്റ്റർ പൂക്കളെ പോലെ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…