സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വിദ്യാലയം

ആർ ഷാജി

by ആർ ഷാജി


അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് !

അദ്ധ്യയന വർഷാരംഭമായിരുന്നു.

ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു കല്പിത സർവകലാശാല തന്നെയാണെന്നും പുതിയ പ്രധാന അദ്ധ്യാപകൻ പ്രഖ്യാപിച്ചു.

ആ മഹത്വം തിരിച്ചു പിടിക്കാനും കൂടുതൽ ഉയരങ്ങളിലേയ്ക്ക് നയിക്കാനും തന്നെ അനുവദിക്കണമെന്ന് അഭിമാന വിജൃംഭിതനായി , വികാരക്ഷോഭത്താൽ ശ്വാസം മുട്ടിക്കൊണ്ട് കുട്ടികളോടും രക്ഷിതാക്കളോടും അദ്ദേഹം അഭ്യർത്ഥിച്ചു.

ലോകം , ഈ നിമിഷത്തെ ഉറ്റുനോക്കുകയാണ് !

ഈ വിദ്യാലയത്തിന്റെ പാരമ്പര്യത്തിനും പൂർവ വിദ്യാർത്ഥികളുടെ മാഹാത്മ്യത്തിനും ഒപ്പം നിൽക്കുന്ന മറ്റേത് സ്ഥാപനമാണ് വേറെ ഇടങ്ങളിൽ ഉള്ളത് ? അതെല്ലാം ഇന്നലത്തെ മഴയ്ക്ക് പൊങ്ങിയ പടുമുളകൾ ! കാടും പടലവും കേറി അവ പ്രാകൃതങ്ങളായി കിടന്ന കാലത്തും ഈ വിദ്യാലയം ഇവിടെ ഉണ്ടായിരുന്നു ! മഹത്തായ ലക്ഷ്യങ്ങളാലും ആശയങ്ങളാലും പ്രചോദിതമായി ആ നാളുകളിൽ ഉയർന്നു വന്ന സരസ്വതീ സ്ഥാപനമാണ് , ഇത് . ( ആ നാളുകളെ വിവേചനപരമെന്ന് കുറ്റം പറയാനും നമ്മുടെ ഇടയിൽ ദോഷൈകദൃക്കുകൾ ഉണ്ട് ! കഷ്ടം ! ) നമുക്ക് അവരെ പോലെ തദ്ദേശീയമല്ലാത്ത പ്രത്യേക പാഠ്യപദ്ധതികൾ പിന്തുടരേണ്ട കാര്യമില്ല.നമ്മൾക്ക് നമ്മൾ തന്നെയാണ് പാഠപുസ്തകം !

വശ്യമായി പുഞ്ചിരിച്ചു കൊണ്ട് മാഷ് ചുറ്റും നോക്കി . അത് തന്നോട് മാത്രമായാണെന്ന് ആനന്ദഭരിതനായ ഓരോ ആളുകൾക്കും തോന്നി .

നമ്മൾ നമ്മളെ തന്നെ തിരിച്ചറിയണം .ആത്മജ്ഞാനത്തിനപ്പുറം മറ്റു വിഷയങ്ങൾ പഠിക്കുന്നത് നിരർത്ഥകമാണ് എന്ന് കൂടി കേട്ടപ്പോൾ കുട്ടികൾ അമ്പരന്നു . അവർക്ക് ഒന്നും മനസ്സിലായില്ല .തുടർന്ന് മാഷ് പറഞ്ഞ വിസ്മയിപ്പിക്കുന്ന കഥകൾ ( ചരിത്രമെന്നാണ് മാഷ് പറഞ്ഞത് ) കേട്ടപ്പോൾ അവരുടെ ഉള്ളം അഭിമാനം കൊണ്ട് ഉജ്ജ്വലിച്ചു .രോഷത്തിന്റെ ഉറവുകൾ പൊട്ടി .

അവർ പരസ്പരം നോക്കി. ഇടിഞ്ഞു പൊളിഞ്ഞ ക്ലാസ്സ്മുറികളും മൂത്രപ്പുരയും പശ പോലെയുള്ള ഉച്ചക്കഞ്ഞിയും എല്ലാം ഭാഗ്യദോഷം ! പിടിപ്പുകേട് ! ( അതൊക്കെ ഉടനെ മാറും. മിടുമിടുക്കന്മാർക്ക് മാത്രമായി പുതിയ സ്ഥാപനം വരുന്നുണ്ട് ). നിസ്സാരരല്ല , നമ്മൾ !വഴക്കും വൈരവും പരിഹാസവുമൊക്കെ ഉണ്ടെങ്കിലും, ഈ മഹത്തായ വിദ്യാലയത്തിലെ സഹപാഠികൾ തന്നെയല്ലോ , നമ്മൾ ! പൊടുന്നനെ മങ്ങിയ കണ്ണുകളോടെ ചുറ്റും നോക്കി അവർ പുഞ്ചിരിച്ചു .

കൂടുതൽ സന്തോഷിച്ചത് ഇനി മുതൽ മറ്റൊന്നും പഠിക്കേണ്ട എന്ന് കേട്ടപ്പോഴായിരുന്നു . പുതിയ പാഠ പുസ്തകങ്ങൾ വരുന്നത് വരെ ഒന്നും വായിക്കേണ്ട . ചില പ്രത്യേക താത്പര്യങ്ങളോടെ എഴുതപ്പെട്ടവ ആയിരുന്നത്രേ പഴയ പാഠ പുസ്തകങ്ങൾ . മനഃപൂർവ്വമുള്ള ചില വിട്ടു പോകലുകൾ …വക്രീകരണം …അപകർഷത ഉണർത്താനായി രചിക്കപ്പെട്ടവ. ഇനി അതൊന്നും വേണ്ട . തെറ്റു കുറ്റങ്ങൾ തിരുത്തി , മാതൃകാപരമായ പുതിയ രീതി വരുന്നുണ്ട് . നൈസർഗികമായ കഴിവുകളും ജന്മസിദ്ധമായ നൈപുണ്യവും ധാർമിക മൂല്യങ്ങളും വളർത്താൻ ഉതകുന്ന പാഠ്യരീതി …പാരമ്പര്യത്തിന്റെ ആത്മാവ് ഉൾക്കൊണ്ട രീതികളാവും ഇനി… മാഷ് തന്റെ നയം പ്രഖ്യാപിച്ചു.

(ഭരണാനുകൂല സംഘടനാ നയമെന്ന് ഉദാസീനമായ പിറുപിറുക്കലുകൾ ഏതോ അദ്ധ്യാപകനിൽ നിന്ന് പിറകിലെ വരിയിലുള്ള കുട്ടികൾ കേട്ടു ).


സന്തോഷം സഹിക്കാനാവാതെ കുട്ടികൾ കണ്ണിറുക്കി പുഞ്ചിരിച്ചു .

മുന്നിലെ കറുത്ത ബോർഡിൽ നിന്നും കോർത്തെടുക്കും പോലെ വരച്ചെടുക്കാൻ വെളുത്ത വിചിത്രമായ അക്ഷരങ്ങളില്ല ; ഹൃദയവും മനസ്സും ഭ്രമിപ്പിക്കുന്ന വാക്കുകളോ മനസ്സിലാകാത്ത തത്വങ്ങളോ ഓർമ്മയിൽ നിന്നും പരതിയെടുത്ത വാക്കുകൾ ഇണക്കി പദ്യം ചൊല്ലലോ …ഒന്നും, ഒന്നും വേണ്ട! അവരുടെ മനസ്സും ഹൃദയവും പറന്നു ശീലിച്ചവ .ആഹ്ലാദത്തിൽ രമിക്കുന്നവ .

ശീലത്തിന് അനുസരിച്ച് കുട്ടികൾ പരസ്പരം സംസാരം തുടങ്ങി. അവർക്ക് പലതും പറയാനുണ്ടായിരുന്നു .വീട്ടിലെ കാര്യങ്ങൾ …കണ്ട കാഴ്ചകൾ …ചിരിപ്പിച്ച സംഭവങ്ങൾ …പഠിക്കാൻ ഉണ്ടായിരുന്നപ്പോഴും ചെയ്തിരുന്നവ ഇതൊക്കെ തന്നെ !

പെട്ടെന്നാണ് ഒരു അടി പൊട്ടുന്ന ശബ്ദം കേട്ടത് !

നടുക്കത്തോടെ കുട്ടികൾ ചുറ്റും നോക്കി .

ഒരു ചിറകടിയൊച്ച! ഞെട്ടലും വിരലുകളിൽ പൊള്ളുന്ന നീറ്റലും അവശേഷിപ്പിച്ച് , അപ്പം റാഞ്ചി കൊണ്ട് പോയ പരുന്തിന്റെ ചിറകടിയൊച്ച …അബോധത്തിൽ മുദ്രണം ചെയ്ത ആ ആഘാതം അവരുടെ ഹൃദയത്തിൽ വീണ്ടും പിടഞ്ഞു .

ആ നിമിഷം വരെതൊട്ടടുത്തിരുന്ന് സംസാരിച്ച കുട്ടി മുഖത്തു നിന്ന് ഒരു ആവരണം അഴിച്ചു മാറ്റുന്നതും മാഷായി മാറുന്നതും വേദനയോടെ കവിൾ പൊത്തി പിടിച്ചിരുന്ന കുട്ടി കണ്ടു .മാഷാണ് എന്ന് കണ്ട് “ ഞാനൊന്നും ചെയ്തില്ലല്ലോ “എന്ന് അവൻ ചിണുങ്ങിയപ്പോൾ മാഷായ കുട്ടി ഗർജ്ജിച്ചു : മാഷുമാർക്ക് നീ കളിപ്പേരിടും , ഇല്ലെ ?”

മുഖാവരണങ്ങൾ അഴിച്ചു മാറ്റി , ക്ലാസ്സിന്റെ പല ഭാഗത്തും കുട്ടികൾ മാഷായി പ്രത്യക്ഷപ്പെട്ടത് കണ്ട് മറ്റു കുട്ടികൾ പകച്ചു. ഇതെന്തൊരു മായാജാലം ! എവിടെയും മാഷുടെ സാദൃശ്യമുള്ള കുട്ടിരൂപങ്ങൾ ! മാഷായി മാറിയവർക്ക് സഹപാഠികളെ കുറിച്ച് പരാതികൾ ഉണ്ടായിരുന്നു ; തെളിവുകളും. ബാഗിൽ സൂക്ഷിച്ച കഥാ പുസ്തകം…ചോക്കലേറ്റ് …പേനാക്കത്തി …വിലക്കപ്പെട്ട ഭക്ഷണം …സഹപാഠികളോട് ഉച്ചരിച്ച ചീത്ത വാക്കുകൾ …ബഹുമാന്യരായ മാഷുമാരെക്കുറിച്ച് അമർഷത്തോടെ പറഞ്ഞ പരാതികൾ …

അനന്തരം അവർ കുട്ടികളുടെ മുഖാവരണം വീണ്ടും അണിഞ്ഞു ബെഞ്ചുകൾ മാറി ഇരുന്നപ്പോൾ തിരിച്ചറിയാനാവാതെ മറ്റുള്ളവർ സംശയത്തോടെ പരസ്പരം നോക്കി .

ഏറെ നേരം കഴിഞ്ഞ് പുഞ്ചിരി തൂകുന്ന മുഖവുമായി മാഷ് ക്ലാസ്സിന് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പരാതിയുമായി ഒരു കുട്ടി എഴുന്നേറ്റു . “എന്നെ പിച്ചീ ,,,നുള്ളീ ന്നുള്ള മാഞ്ഞാരം ഒഴിവാക്ക് “ മാഷ് നീരസപ്പെട്ടു .നോട്ടം കണ്ട് ഭയന്ന പരാതിക്കാരൻ കവിളിൽ തടവി തല കുനിച്ച് ഇരുന്നു .ആരും അവന് നേരെ നോക്കിയില്ല . അടുത്തിരുന്നവർ ഒന്നിളകി അല്പം മാറി ഇരുന്നു .

അച്ചടക്കമില്ലാത്തതാണ് ഈ സ്ഥാപനത്തിന്റെ കുഴപ്പം .അത് മാറ്റാനാകുമോ എന്ന് ഞാനൊന്ന് നോക്കട്ടെ .. മാഷ് പറഞ്ഞു .പ്രതിഷേധമുള്ളവർക്ക് ടി സി വാങ്ങി പോകാം ഈ മാതൃസ്ഥാപനത്തോടുള്ള കടമകളാണ് നിങ്ങളെ പ്രചോദിപ്പിക്കേണ്ടത് . നിങ്ങളോരോരുത്തരും ഈ സ്ഥാപനത്തിന് വേണ്ടി ശ്വസിക്കണം .രൂപാന്തരപ്പെടണം സംരക്ഷകരായിരിക്കണം. ഈ സ്ഥാപനത്തിലെ കുട്ടികൾ ആയാണ് നിങ്ങൾ തിരിച്ചറിയപ്പെടേണ്ടത് .

ആരും ഒന്നും മിണ്ടിയില്ല . മുൻസീറ്റുകാർ മാഷുടെ വാക്കുകൾക്ക് പുഞ്ചിരിയോടെ സ്വാഗതം ഏകി .അവരായിരുന്നു എന്നും നന്നായി പഠിച്ചവർ !എന്നും, എല്ലാം നല്ലവണ്ണം മനസ്സിലാക്കിയവർ !

മാതൃകാപരമായ കാര്യങ്ങൾ ഒരു കുട്ടി എഴുന്നേറ്റ് ഉറക്കെ ചൊല്ലി.

“ പരിഷ്കൃതമായ വാക്ക് ! പ്രസന്നമായ മുഖം !ദുർഗന്ധമില്ലാത്ത ശരീരം ! ( ചിലർ കുളിച്ചാലും ദുർഗന്ധം മാറില്ല; ജന്മസിദ്ധം ! തൽക്കാലം അവർ പിൻബെഞ്ചിൽ ഇരുന്നോട്ടെ . മാഷ് തലയാട്ടി ) ” എതിർപ്പ്, വിയോജിപ്പ് എന്നിവ അഹങ്കാരമാണ് ; സരസ്വതീ നിന്ദയാണ് ;ഗുരുത്വ ദോഷമാണ് ! ബ്രഹ്മഹത്യ പോലെ മാപ്പർഹിക്കാത്ത കുറ്റം! നമ്മുടെ വിദ്യാലയം മഹത്തരം! അനുപമം! അദ്വതീയം ! സഹപാഠി മാഷായും മാഷ് സഹപാഠിയായും നിരന്തരം മാറുന്ന ബോധന-ബോധനനിരീക്ഷണ മാതൃക പെട്ടെന്ന് പ്രസിദ്ധമായി. പത്രങ്ങളിലും ടിവികളിലും അപദാനങ്ങൾ മാത്രം! മാഷിന് അതിനുള്ള മിടുക്ക്


അധ്യാപക-രക്ഷാകർതൃ യോഗത്തിൽ മാതാപിതാക്കൾ ആവേശഭരിതരായി പറഞ്ഞതും അതായിരുന്നു. “ ഞങ്ങളോ ഇങ്ങനെ ആയി…ഞങ്ങൾക്ക് ലഭിക്കാതെ പോയ സൗഭാഗ്യം!”

“ഞാൻ നിങ്ങളിൽ ഒരുവനാണ് .” മാഷ് വിനയാന്വിതനായി .”ഈ വിദ്യാലയത്തിന് ഉള്ളതാണ് ഈ ഉയിരും ഈ ആത്മാവും !”

മാഷുടെ അവധൂതഭാവവും ആത്മസമർപ്പണവും , തിരക്കുകൾക്കിടയിലും പുലർത്തുന്ന ബാലസഹജമായ കൗതുകങ്ങളും ആവർത്തിച്ച് അവർ വിസ്മയിച്ചു.

പാഠപുസ്തകങ്ങൾ തയ്യാറായി കഴിഞ്ഞിരുന്നില്ല . പലരും ക്ലാസിൽ വന്ന് പുസ്തകമില്ലാതെ ക്ലാസ് എടുത്തു . പൊയ്മുഖമോ യഥാർത്ഥ മുഖമോ ,ഏതാണിത് എന്നറിയാതെ കുട്ടികൾ കുഴങ്ങി.സംസാരിക്കാൻ പോലും അവർ ഭയന്നു .കൂടെയിരിക്കുന്നവൻ ആരാണെന്ന് ആർക്കറിയാം! ഓരോ ചലനവും നോട്ടവും വാക്കുകളും ആരൊക്കെയോ ആരെയോ അറിയിക്കുന്നുണ്ട് .;പുതിയ അർത്ഥങ്ങൾ കണ്ടെത്തുന്നുണ്ട് !

ആരും നിർദ്ദേശിക്കാതെ തന്നെ കുട്ടികൾ പല സ്വാഭിമാന സ്ക്വാഡുകളായി തിരിഞ്ഞു. പ്രതിഷേധങ്ങൾ വകവെയ്ക്കാതെ അവർ മറ്റ് കുട്ടികളുടെ ബാഗുകൾ പരിശോധിക്കുകയും ക്ലാസ്സ്മുറിയുടെ പവിത്രതയ്ക്ക് അനുയോജ്യമല്ലാത്ത സാധനങ്ങൾ കണ്ടെത്തുകയും ചെയ്തു .

ചൂട് പിടിച്ച്, തല പെരുത്ത് പലരും നിശ്ശബ്ദരായി. ആരും കഥകൾ പറഞ്ഞില്ല .പാഠഭാഗങ്ങൾ അടുത്തിരുന്നവനോട് ചോദിച്ച് മനസ്സിലാക്കുവാൻ ശ്രമിച്ചില്ല. ചുണ്ടുകൾ നിയന്ത്രിച്ച് ചിരിച്ചു.കളങ്കിതരായ സഹപാഠികളെ രൂക്ഷമായി ആക്ഷേപിച്ചു . ആധിയോടെ അക്ഷരങ്ങൾ പെറുക്കി സംസാരിച്ചു. ചുമരിലെ, കണ്ടു പരിചയിച്ച വൃദ്ധന്മാരുടെ ചിത്രങ്ങൾക്ക് പകരം മറ്റു ചിത്രങ്ങൾ വന്നപ്പോൾ ആരെന്നും എന്തെന്നും ചോദിച്ചില്ല .അവർ ഒരേ സമയം കുട്ടികളും സൂത്രശാലികളായ മുതിർന്നവരും ആയിരുന്നു.

പുറത്തേയ്ക്ക് വ്യാപാരിപ്പിക്കാതെ, അകത്തളങ്ങളിൽ കേന്ദ്രീകരിച്ച് വജ്ര സമാനമാക്കണം മനസ്സിനെയെന്ന് കായിക പരിശീലന വേളയിൽ മാഷ് പറഞ്ഞത് പലർക്കും മനസ്സിലായില്ലെങ്കിലും അനുകരിക്കാൻ ഇതിനോടകം അവർ പഠിച്ചിരുന്നു. എല്ലാം ശീലങ്ങളാണല്ലോ …ഈ പുതിയ സാഹചര്യങ്ങളിലും ആഹ്ലാദിക്കാൻ,തിമർക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ജീവിത മഹാപ്രവാഹം അങ്ങനെയാണല്ലോ ! ചിലപ്പോൾ, പൊയ്മുഖങ്ങൾ അണിയാനുള്ള വന്യമായ ത്വരയോടെ കുട്ടികളായും മാഷായും തങ്ങൾ സ്വയം മാറുന്നുവെന്ന് വെളിപാട് ഉണ്ടായ ഒന്നോ രണ്ടോ പേർ , യഥാർത്ഥത്തിൽ തങ്ങൾ ആരെന്ന് ഓർത്ത് വിഷാദിച്ച് ഉന്മാദത്തിന്റെ വക്കോളം എത്തുകയും അവരുടെ തരളമായ പ്രലപനങ്ങളെ വിലക്കി , മാഷ് അവർക്ക് ടി സി കൊടുത്തു വിടുകയും ചെയ്തു.

മുറിയുന്ന ഓർമ്മകളുടെയും പുതിയ ആഖ്യാനങ്ങളുടെയും ചലനങ്ങളിൽ കുരുങ്ങി, തിളക്കമറ്റ് മറ്റുള്ളവർ ഇരുന്നു. മാഷുമാരുടെ തമാശകളിൽ മറ്റുള്ളവരോടൊപ്പം ഉറക്കെയുറക്കെ ചിരിക്കുകയും “ എന്താ പറഞ്ഞത് ?” എന്ന് അടുത്തുള്ളവനോട് ചോദിച്ച് വീണ്ടും ആർത്തട്ടഹസിക്കുകയും ചെയ്തു.

സ്കൂളിന്റെ പേര് രേഖപ്പെടുത്തിയ ബോർഡ് എല്ലാ വർഷവും പുതിയ ചായം അടിച്ച് , വർണ ലിപികളിൽ എഴുതി പ്രദർശിപ്പിക്കുന്നത് വഴിയാത്രക്കാർ കാണാറുണ്ട്.ബോർഡിൽ ഇപ്പോഴും ആ സ്ഥാപനത്തെ ‘ വിദ്യാലയം ‘ എന്ന് തന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത് എന്ന് ചിലർ, ചിലർ മാത്രം വിസ്മയിച്ചിരുന്നു.


വിലാസം :

  • ഷാജി ആർ
  • BSNL സ്റ്റാഫ് ക്വാർട്ടേഴ്സ്
  • മലാപ്പറമ്പ P O
  • കോഴിക്കോട് –673009
  • ഫോൺ 8281745537
  • 9446668974
  • ഇ മെയിൽ [email protected]

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…

ലഹരിയും ആനന്ദവും

ഇന്ന് കേരളം ഏറെചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ലഹരി. വളരെ വൈകി മലയാളിയെ അസ്വാസ്ഥ്യപ്പെടുത്തുന്ന പലതുമെന്ന പോലെ ലഹരിയും കടന്നുവരുന്നു.ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍…