സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ആത്മാന്വേഷണത്തിന്‍റെ പാട്ടുകള്‍

നദീം നൗഷാദ്

ആവതുണ്ടാകും കാലം
അല്ലലില്ലാത്ത നേരം
അള്ളാനെ ഓര്‍ക്കുവാനായ് മറക്കല്ലേ…..

കെ എച്ച് താനൂരിന്‍റെ വരികള്‍ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും പാടി കേള്‍ക്കുമ്പോള്‍ സംഗീത ആസ്വാദകര്‍ക്ക് അതൊരു പുത്തന്‍ അനുഭവമാണ്. ഫത്തേ അലിഖാന്‍, അബിദ പര്‍വീണ്‍, വഡാലി സഹോദരന്‍മാര്‍, സാബ്രി സഹോരന്മാര്‍ എന്നിവരുടെ സൂഫി സംഗീതം ആസ്വദിച്ച മലയാളികള്‍ക്ക് തന്‍റെ ദേശത്തെ സൂഫി കവിതകള്‍ പാടി കേള്‍ക്കുന്നത് ഒരു അപൂര്‍വ അനുഭവമാണ്. ദര്‍ഗ്ഗകളിലും ഖാന്‍ഖാഹുകളിലും ഒതുങ്ങിനിന്ന സൂഫി പാട്ടുകളെ കേരളത്തില്‍ പൊതു മണ്ഡലത്തില്‍ കൊണ്ട് വന്ന് ഇവര്‍ നമ്മുടെ സംഗീത ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ്.

മലപ്പുറത്തെ ടൌണ്‍ മ്യൂസിക്‌ ക്ലബ്‌ സംസ്കാരത്തില്‍ നിന്നാണ് ഇരുവരും വരുന്നത്. വീടുകളിലും ക്ലബ്ബുകളിലും മറ്റും ഉണ്ടായിരുന്ന സ്വകാര്യ മെഹഫില്‍ നിന്നായിരുന്നു തുടക്കം. ആദ്യം ഗസലുകള്‍ പാടി വന്ന സമീറിന് സൂഫി ദര്‍ശങ്ങളോട് താല്പര്യം വന്നപ്പോള്‍ സൂഫി കവിതകള്‍ പാടി തുടങ്ങി. കൂടെ ഇമാം മജ്ബൂറും തബലയില്‍ മുഹമ്മദ് അക്ബറും ചേര്‍ന്നപ്പോള്‍ ഈ കൂട്ടായ്മ വളര്‍ന്നു.

ഖാന്‍ഖാഹുകളിലാണ് ഇവര്‍ ആദ്യം പാടി തുടങ്ങിയത്. കേരളത്തിലെ സൂഫി ഗായകരുടെ തുടര്‍ച്ച എന്ന നിലയിലാണ് ഇരുവരും കഴിഞ്ഞ 15 വര്‍ഷമായി പാടുന്നത്. സൂഫി- മിസ്റ്റിക് കവിതകളാണ് ഇതിനായി കണ്ടെടുത്തത്. സൂഫി വഴിയിലൂടെ ജീവിച്ച ആളുകളുടെ കവിതകളാണ് കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇച്ച മസ്താന്‍, ഹാജി അബ്ദുറസാക്ക് മസ്താന്‍, മസ്താന്‍ കെ വി അബൂബക്കര്‍, നാലപറമ്പന്‍ മുഹയുദീന്‍ ഹാജി, താനൂര്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ എന്നിവരുടെ കവിതകള്‍. പലതും വാമൊഴി രൂപത്തിലായിരുന്നു. ഇവരുടെ പാട്ടുകളുടെ കൂടെ അറബി ഉര്‍ദു, പേര്‍ഷ്യന്‍ സൂഫി കവികളുടെ വരികള്‍ ചേര്‍ത്തു പാടാറാണ് പതിവ്. ഒന്നില്‍ തന്നെ മറ്റൊന്ന് ഇഴ ചേര്‍ത്തു പാടുന്ന രീതി ബിന്‍സിയും മജ്ബൂറുമാണ് തുടങ്ങി വെച്ചത്.

കേരളത്തിലെ മാപ്പിളപ്പാട്ട് പാരമ്പര്യത്തില്‍ നിന്ന് സൂഫി കവിതകളെ കണ്ടെടുക്കുകയും അവ ആലപിക്കുകയും ചെയ്യുന്ന പതിവ് സമീപ കാലത്ത് വരെ ഉണ്ടായിരുന്നില്ല. മാപ്പിള പാട്ടിന്‍റെ ഉള്ളടക്കത്തില്‍ ഒരു ഭാഗം സൂഫി ഗാനങ്ങള്‍ കൂടി ഉണ്ടെന്ന വസ്തുത ആസ്വാദകര്‍ ശ്രദ്ധിക്കുന്നത് ഇവര്‍ പാടിയപ്പോഴാണ്. മോയില്‍കുട്ടി വൈദ്യര്‍ എഴുതിയ പാട്ടുകളില്‍ അത്തരം വരികള്‍ ധാരാളം ഉണ്ട്. പല മാപ്പിളപാട്ട് ഗായകരും അത് മാറ്റി നിര്‍ത്തി കൊണ്ടാണ് പാടുന്നത്. അത് വിശദീകരിക്കണമെങ്കില്‍ സൂഫി ചിന്തയുടെയും അനുഭവങ്ങളുടെയും പശ്ചാത്തലം വേണം എന്നതാവാം കാരണം. ദഫ്, അറബന എന്നിവയ്ക്ക് വേണ്ടി എഴുതപ്പെട്ട പാട്ടുകളിലുമുള്ള സൂഫി ദര്‍ശനങ്ങളും ഇവര്‍ കണ്ടെടുക്കുന്നു. പക്ഷെ ഇവരുടെ ആലാപന ശൈലിക്ക് മാപ്പിള പാട്ടുമായോ റാതീബ് പാട്ടുകളുമായോ ബന്ധമില്ല.
പാടുമ്പോള്‍ ഒരു വരിപോലും ശ്രോതാക്കള്‍ മനസ്സിലാവാതെ പോവരുത് എന്ന നിര്‍ബന്ധവും ഇവര്‍ക്കുണ്ട്. അത്കൊണ്ട് പാടുന്നതിനിടയില്‍ വരികളുടെ അര്‍ഥം പറയുന്നു. ചിലപ്പോള്‍ അത് പാട്ടിന് ചെറിയ തടസ്സങ്ങള്‍ ഉണ്ടാക്കുമെങ്കിലും ആസ്വാദനത്തെ കൂടുതല്‍ സുഗമമാക്കുന്നു. മറ്റു ഗായകരില്‍ നിന്ന് ഇവരെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെ.

സാമൂഹിക-ആത്മീയ വിമോചന തലത്തിന്‍റെ സമന്വയം സൂഫി കവികളില്‍ എക്കാലത്തും ഉണ്ടായിരുന്നു. പഴയ സൂഫി കവികളില്‍ ചിലര്‍ അന്നത്തെ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പോരാടിയിട്ടുമുണ്ട്. ബിന്‍സിയുടെയും മജ്ബൂറിന്‍റെയും പാട്ടുകള്‍ക്ക് അധികാര നിരാസത്തിന്‍റെയും കീഴാളപക്ഷത്തിന്‍റെയും രാഷ്ട്രീയമുണ്ട് മനുഷ്യന്‍റെ ഉള്ളിലെ കരുണ അപരന്‍റെ ഉള്ളിലേക്ക് പരന്നു ഒഴുകുന്നതാണല്ലോ സൂഫിദര്‍ശനം.അപ്പോള്‍ ചുറ്റുപാടുകളില്‍ കരുണയും നീതിയും നിഷേധിക്കപ്പെടുമ്പോള്‍ അവരുടെ കൂടെ നില്‍ക്കുകയും അവര്‍ക്ക്‌ വേണ്ടി ശബ്ദിക്കുകയും വേണം എന്ന രാഷ്ട്രീയ ബോധം ഇവര്‍ തങ്ങളുടെ സംഗീതത്തോട്‌ ചേര്‍ത്ത് നിറുത്തുന്നു. പൊയ്കയില്‍ അപ്പച്ചന്‍, പണ്ഡിറ്റ്‌ കറുപ്പന്‍ എന്നിവരുടെ പാട്ടുകള്‍ ഇവര്‍ പാടുന്നതും ഈ ബോധം കൊണ്ട് തന്നെ. അതിനെ മണ്ണിന്‍റെയും ആത്മാവിന്‍റെയും പാട്ടുകള്‍ എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.

പരിതമായ ഇടങ്ങളില്‍ സൂഫിയാന സംഗീത സദസ്സുകള്‍ കേരളത്തില്‍ പണ്ട് മുതല്‍ തന്നെ നടന്നു പോരുന്നുണ്ട്. ഇവര്‍ പാടി തുടങ്ങിയതും ആ ഇടങ്ങളില്‍ തന്നെ. ആ പരിമിതികളുടെ അതിരുകള്‍ ലംഘിച്ചു പുറത്തു കടക്കാന്‍ ഇവര്‍ക്ക് സാധിച്ചത് സലാവുദ്ദീന്‍ അയ്യൂബ്ബിയും നിത്യചൈതന്യയതിയുടെ ശിഷ്യന്‍ ഷൌക്കത്തും നല്‍കിയ പൊതുവേദികളാണ്. കലാമണ്ഡലത്തില്‍ വെച്ച് നടന്ന സ്നേഹസംഗമമാണ് വഴിത്തിരിവായത്. ഈ പരിപാടിയില്‍ ഇച്ച മസ്താന്‍റെയും നാരായണഗുരുവിന്‍റെയും വരികള്‍ ആദ്യമായി ഇഴ ചേര്‍ത്തു പാടാന്‍ തുടങ്ങി. അത് കേള്‍വിക്കാര്‍ക്ക് ഇഷ്ട്ടമായി. പൊതുവേ വാക്കുകളുടെ രഹസ്യങ്ങള്‍ അഴിക്കാന്‍ പ്രയാസമുള്ള ഇച്ച മസ്താന്‍റെ പാട്ടുകള്‍ കൂടുതല്‍ ജനങ്ങളിലെക്ക് എത്തിയത് ഇവരുടെ ആലാപനം കൊണ്ടാണ്. അതിന് ദാര്‍ശനിക പിന്തുണ നല്‍കിയത് ഇച്ച മസ്താനെ പറ്റി സലാവുദീന്‍ അയ്യൂബി നടത്തിയ ഗവേഷണങ്ങളും.

സൂഫി ദര്‍ശനങ്ങളിലുള്ള അവഗാഹമാണ് ബിന്‍സിയെയും മജ്ബൂറിന്‍റെയും പ്രത്യേകത. ആഴമുള്ള ദര്‍ശനങ്ങള്‍ ഉള്ള കവിതകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇവര്‍ ശ്രദ്ധിക്കുന്നു.. അതിന് ഒരു ഉദാഹരണം മസ്താന്‍ കെ വി അബൂബക്കറിന്‍റെ കവിതയാണ്

പട്ടാപ്പകലും ചൂട്ടും മിന്നിച്ച് മനുഷ്യനെ തേടി നടന്നൂ
ഞാന്‍ മനുഷ്യനെ തേടി നടന്നൂ
ഈ ദുനിയാവൊക്കെ നടന്നൂ.
പക്ഷെ, മനുഷ്യനെ കണ്ടില്ല
ഞാന്‍ മനുഷ്യനെ കണ്ടില്ല
ഗ്രീക്ക് തത്ത്വചിന്തകനായ ഡയോജനിസ് ഏദൻസിലെ തെരുവിലൂടെ നട്ടുച്ചയ്ക്ക് ചൂട്ടും തെളിച്ച് യഥാര്‍ത്ഥ മനുഷ്യനെ തേടി നടന്ന കഥയെ ഓർമ്മപ്പെടുത്തുന്നതാണ് കെ വി അബൂബക്കറിന്‍റെ വരികള്‍. മെഹബൂബിന്‍റെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നായ ഇത് അദ്ദേഹം പാടിയിരുന്ന കാലത്ത് തമാശ പാട്ട് എന്ന മട്ടിലാണ് നല്ലൊരു വിഭാഗം ആള്‍ക്കാരും ആസ്വദിച്ചിരുന്നത്. ബിന്‍സിയും മജ്ബൂറും പാടികേട്ടപ്പോഴാണ് അതിലെ ദാര്‍ശനിക തലങ്ങളെ കുറിച്ച് ശ്രോതാക്കള്‍ ചിന്തിക്കുന്നത്. ജാതി-മതസംഘര്‍ഷങ്ങള്‍ കൊണ്ട് കലുഷിതമായ വര്‍ത്തമാനകാല ഇന്ത്യയില്‍ യഥാര്‍ത്ഥ മനുഷ്യനെ അവതരിപ്പിക്കാന്‍ ഇത്രത്തോളം അനുയോജ്യമായ പാട്ട് വേറെയോന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…