സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അകം

നിഷ നാരായണന്‍

         

കൊയ്തുകൂട്ടിയ കതിര്‍ക്കറ്റകള്‍ക്കുമേല്‍

കിടന്നുറങ്ങുന്ന ഒരാണും പെണ്ണും.

പെണ്ണ് ആണിനുമേല്‍ കാല്‍കയറ്റിവച്ചിരിക്കുന്നു.

ആണ് പെണ്ണിൻ്റെ മാറത്തൂടെ കൈയിട്ട് ചെവിമേല്‍ തെരുപ്പിടിച്ചിരിക്കുന്നു.

എത്ര സമ്പൂര്‍ണമായ ഉറക്കമാണ്.

 കൊയ്ത്തരിവാളുകള്‍ രണ്ടെണ്ണം

 തൊട്ടടുത്തുറങ്ങുന്നു.

ആകാശം ശൂന്യമാണ്.

കുറച്ചു ദൂരെ

ഒരു കന്നും നുകവും പ്രശാന്തമായ

പാടത്ത് പുല്ല് നുണയുന്നു..

പെണ്ണിൻ്റെ കണ്‍പോളകള്‍ അതിദ്രുതം ചലിക്കുന്നുണ്ട്.

അവളൊരു സ്വപ്നം കാണുകയാവാം.

മരങ്ങളും പൂച്ചകളും മൂങ്ങകളും 

പാമ്പുകളുമെല്ലാം സ്വപ്നത്തില്‍ വരുന്നുണ്ടാകാം..

തൊട്ടടുത്ത വീട്ടിലെ- അവളെ 

മോശംകണ്ണുകൊണ്ടു നോക്കുന്ന അയാള്‍-

സ്വപ്നത്തിലവളോടു കിന്നരിക്കാന്‍ വന്നിരിക്കാം ..

പ്രകാശമുള്ള ഏതെങ്കിലുമൊരു അരുവിക്കരയോരത്ത് സ്വപ്നത്തിലവള്‍

തുണികള്‍ അലക്കാന്‍ വന്നിരിക്കയുമാവാം

..ആ എന്തുമാവട്ടെ

ഉറക്കം നീണ്ടുനില്‍ക്കുകയൊന്നുമില്ല.

അവരില്‍ആരെങ്കിലും ആദ്യം ഉണരും

മറ്റേയാളെ എണീല്‍പിക്കും.,

തൊട്ടടുത്ത തോട്ടുവക്കില്‍ പോയി മുഖം കഴുകും.

വിശക്കുന്നുണ്ടോ എന്ന്, ആണ് കരുതലോടെ

പെണ്ണിനോട്,ചോദിക്കുമായിരിക്കും.

പെണ്ണപ്പോഴും ചിലപ്പോള്‍ ആ സ്വപ്നത്തിൻ്റെ

ഉണര്‍ച്ചയിലായിരിക്കും.

മുഖം വല്ലാതെ ചുവന്ന്,എന്തിലോ തടഞ്ഞുനില്‍ക്കുന്ന അവളോട്

എന്തുപറ്റി എന്ന് ആണ് ചോദിക്കുമായിരിക്കും.

മുഖം അമര്‍ത്തിക്കഴുകി ഓ ഒന്നുമില്ല

എന്നു പറഞ്ഞ് പെണ്ണ് ,ആണിനുമേല്‍

ചുമ്മാ  വെള്ളം കുടഞ്ഞുകളിക്കുമായിരിക്കും

ഇളകിച്ചിരിക്കുമായിരിക്കും.

വാന്‍ഗോഗ്ചിത്രങ്ങളും ഇങ്ങനെയാണ്

ഈ ദൃശ്യം പോലെ.

നീണ്ടുപരന്ന ആകാശത്തിൻ്റെ, നീലയും

വിശാലമായ പാടത്തിൻ്റെ പച്ചയും

പൂര്‍ണമല്ലാത്ത എന്തോ തരും.

അവമേല്‍ നാം ചിന്തിച്ചുകൂട്ടും.

ക്യാന്‍വാസിലെ  കാടിൻ്റെ വലിയ കറുപ്പ്

താഴെ കൊച്ചുനദിയുടെ നീലയെ

എത്രയാണ് പരിപോഷിപ്പിക്കുന്നത്.

വൈരുദ്ധ്യങ്ങള്‍ അങ്ങനെയാണ്

പുറം തിരിഞ്ഞിരിക്കും

എന്നാല്‍ പുണര്‍ന്നു പൂണ്ടടക്കം പിടിക്കും.

സ്വപ്നം തീര്‍ന്നിട്ടും ആ പെണ്ണ് 

എന്തിലാണ് തടഞ്ഞുനിന്നത്?

മുഖം ചുവപ്പിച്ചതെന്തിനാണ്?

ആണ് എന്തുകൊണ്ടാണ് വീണ്ടുംവീണ്ടും

എന്തുപറ്റിയെന്തുപറ്റി എന്നു ചോദിക്കാഞ്ഞത്?

അവളെന്തിനാ വെള്ളം കുടഞ്ഞിട്ട്

അയാള്‍ക്ക് തടയിട്ടത്..

ആര്‍ക്കറിയാം,

പൂര്‍ണമല്ലാത്ത എന്തോ ഒന്ന് അവര്‍ക്കിടയിലുണ്ടായി.

പൂര്‍ണമാക്കാതെ എന്തോ ഒന്ന്

അവര്‍ പാലിക്കുന്നുണ്ട്.

അതിലെന്തോ ഒരു രസമുണ്ട്

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…