സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഒരു നാടോടിക്കഥ

കൽപ്പറ്റ നാരായണൻ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും ശക്തനുമായ ഉപശാന്തനോട് എനിക്ക് വലുതായ ആകർഷണം തോന്നി. എന്റെ ഉള്ളറിഞ്ഞ അച്ഛൻ താമസിയാതെ ഞങ്ങളെ വിവാഹത്തിലൂടെ ഒരുമിപ്പിച്ചു.

ആദ്യമൊക്കെ ഭർത്താവിന് എന്നെ എന്തൊരിഷ്ടമായിരുന്നു നമ്മൾ കണ്ടത് ഒരു വിശേഷദിവസത്തിലാണ് എന്നത് എത്രനന്നായിരിക്കുന്നു എന്നു കൂടെകൂടെപ്പറയും. ഉറങ്ങുമ്പോൾ നിന്നെ എനിക്ക് നഷ്ടപ്പെടുന്നു എന്ന് ഉറങ്ങാതിരുന്നിട്ടുണ്ട്. ഭൂമിയിലേക്കും വേഗം കുറഞ്ഞ ഇഴജീവികൾ സ്വന്തം വിരലുകളാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്’ പുറപ്പെട്ടുപോയ എല്ലാകുറിയും മടങ്ങിവന്നിട്ടുണ്ട് എന്തൊരു മറവിയാണിത് എന്ന് അയാളുടെ അമ്മ അകത്ത് നിന്ന് പ്രാകുമ്പോൾ നിന്നെയാണ് മറന്നത് എന്ന് കാതിൽ പറയും, നിനക്കിഷ്ടമുള്ള വസ്തുക്കൾ അപ്പപ്പോൾ എത്തിക്കാൻ കഴിയുന്ന ഒരു ജാലവിദ്യക്കാരനാകാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് കൂടെകൂടെ സങ്കടപ്പെടും. എന്നെ എന്നിലാരോ കെട്ടിയിട്ടിരിക്കുന്നു എന്നു ഒരിയ്ക്കൽ കരഞ്ഞു.
എന്നാൽ എപ്പോഴൊ അയാൾ എന്നിൽ നിന്ന് അകലാൻ തുടങ്ങി ക്രമേണ വേഗ ത്തിലാവുന്ന, മുന്നിലുള്ളതിനെയെല്ലാം വട്ടം ചുഴറ്റി ഉയർത്തിക്കൊണ്ട് അതിവേഗത്തിൽ വ്യാപിക്കുന്ന ഒരു കാറ്റ് പോലെയായിരുന്നു ആ അകൽച്ച. ഇപ്പോളെന്നെ കാണുമ്പോൾ മുഖം തിരിയ്ക്കും ഉറക്കത്തിലെങ്ങാൻ എന്നെ തൊട്ടുപോയതായിയറിഞ്ഞാൽ ഞെട്ടിയുണർന്ന് എന്നെ ശപിക്കും ഒന്ന് തിരിഞ്ഞുകിടക്കാനുള്ള വിസ്തൃതിപോലും ലോകത്തിനില്ലല്ലോ, ഈ മൂധേവികാരണം എന്ന് നിശ്വസിക്കും. എത്ര ഇഷ്ടമായിരുന്നോ അത്ര അനിഷ്ടമാണിപ്പോൾ. അനിഷ്ടത്തിനും ഇഷ്ടത്തിന്റെ അത്രതന്നെ സൂക്ഷ്മതയും ഭാവനയും ഉള്ളതിനാൽ എനിക്ക് ജീവിതം സഹിക്കാൻ പറ്റാതായി

അയൽ ഗ്രാമത്തിൽ ഒരു മഹാമന്ത്രവാദി വന്നിട്ടുണ്ടെന്നും അയാളെ കണ്ടാൽ സങ്കടത്തിന് പരിഹാരമുണ്ടാവുമെന്നും കൂട്ടുകാരി പറഞ്ഞറിഞ്ഞ് ഞാൻ അവിടെ ചെന്നു. എല്ലാം വിവരിച്ച് കേട്ടപ്പോൾ അയാൾ പറഞ്ഞു. സിംഹത്തിന്റെ മൂന്ന് രോമങ്ങളുമായി വരൂ. നിങ്ങളുടെ ഭർത്താവിൽ ഞാൻ വീണ്ടും സ്നേഹമുണ്ടാക്കാം. ഓർമ്മി ക്കണേ മൂന്ന് രോമവും നിങ്ങൾതന്നെ പറിച്ചെടുത്തതായിരിക്കണം.

ഞാനമ്പരന്നു. സിംഹത്തിന്റെ രോമമോ?ഈ ദുർബലയായ ഞാനോ? പക്ഷെ എന്റെ ഭർത്താവിൽ ഞാനതിലേറെ ദുർബലയായിരുന്നു. ഭർത്താവിന്റെ വെറുപ്പോളം സിംഹത്തിന് ക്രൂരതയുണ്ടാവില്ലെന്ന് എനിക്ക് തോന്നി. അന്വേഷിച്ചപ്പോൾ അടുത്തൊരു ഗ്രാമത്തിൽ ആടിനെ പിടിച്ചുതിന്നാനായി സിംഹമിറങ്ങാറുണ്ടെന്നറിഞ്ഞു. ഞാൻ ഒരാടിനെ വാങ്ങി സിംഹിമിറങ്ങുന്ന നേരം നോക്കി വയൽ വരമ്പിലിരുന്നു. സിംഹം വന്നപ്പോൾ ആടിനെ അതിന്റെ മുന്നിൽ ഉപേക്ഷിച്ച് അത് കാണേ തിരിച്ചു പോന്നു. അടുത്ത ദിവസവും അതേസമയം ആടുമായിച്ചെന്നു. വളരെ ദിവസം ഇതാവർത്തിച്ചു. ഇപ്പോൾ സിംഹത്തിന് എന്നെ അറിയാം. എന്റെ നേരെ സൗമ്യമായി നോക്കും. സിംഹത്തിന് കീഴടക്കാൻ പാകത്തിൽ ഞാൻ ആടിനെ പിടിച്ചുനിർത്തിക്കൊ ടുക്കും. സിംഹം എന്നോടിണങ്ങി. പക്ഷെ അപ്പോഴേക്കും എന്റെ ഗ്രാമത്തിലേയും അയൽഗ്രാമത്തിലേയും ആടിനെ മുഴുവൻ ഞാൻ വിലയ്ക്കു വാങ്ങിക്കഴിഞ്ഞിരുന്നു. അച്ഛനെനിക്ക് തന്ന സ്വത്തുമുഴുവൻ വിറ്റുകഴിഞ്ഞിരുന്നു. സിംഹത്തിന്റെ മൂന്നു രോമം പിഴുതെടുത്ത് നിർധനയായ ഞാൻ മന്ത്രവാദിയുടെ അടുത്ത് ചെന്നു. ഇനി ഭർത്താവിന്റെ അടുത്ത് ചെല്ലു എല്ലാം ശുഭമാവും എന്നയാൾ എന്നെ യാത്രയാക്കി. ഭർത്താവിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് നടക്കുമ്പോൾ കാല് വെച്ച് കുത്തുന്നതുപോലെ എന്റെ മനസ്സെന്തിലോ വെച്ച് കുത്തി. സിംഹത്തിന്റെ രോമവും എന്റെ ഭർത്താവും തമ്മിലെന്ത് എന്നതിന് എനിക്കന്നിമിഷം ഉത്തരം കിട്ടി. ഞാനിപ്പോൾ പഴയ ഞാനല്ല. സിംഹത്തെ വശീകരിക്കാൻ ഉപയോഗിച്ച ക്ഷമയിലൂടെ കടന്നുവന്ന ഞാൻ ഏറെക്കുറെ എന്റെ തന്നെ ശവമായിരുന്നു. അയാൾക്കിഷ്ടപ്പെടാതിരിക്കാൻ പറ്റാത്ത വിധത്തിൽ ഞാനെന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ ഞാനൊരു നിഴലോ പ്രതിധ്വനിയോ പോലെ.

ഞാൻ ദിവസവും കൊന്ന ആട്ടിൻ കുട്ടികളൊക്കെ എന്താണെന്നും ഞാനറിഞ്ഞു. എന്നെ നീചയും നിർധനയുമാക്കിയ ആ പരിണാമത്തെ ഞാൻ ശരിക്കുമറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…